യമാലും ഹാരി കെയ്‌നും ബാലണ്‍ ഡി ഓര്‍ നേടില്ല, ചാന്‍സ് രണ്ട് പേര്‍ക്ക്, ലോകകപ്പിലെ പ്രകടനം നിര്‍ണായകം, നിരീക്ഷണവുമായി ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തോമസ് മുള്ളറുടെ നിരീക്ഷണത്തിൽ ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്കാരം ലാമിൻ യമാലോ ഹാരി കെയ്‌നോ അല്ല, കിലിയൻ എംബാപ്പെ അല്ലെങ്കിൽ മൈക്കൽ ഒലിസെ നേടാനാണ് സാധ്യത. ലോകകപ്പിൽ ഫ്രാൻസ് നാലാം സ്ഥാനത്തായെങ്കിലും എംബാപ്പെയുടെയും ഒലിസെയുടെയും മികച്ച വ്യക്തിഗത പ്രകടനമാണ് മുള്ളർ ചൂണ്ടിക്കാണിക്കുന്നത്.
മ്യൂണിക്: 2026ലെ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യത ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെക്കും മൈക്കൽ ഒലിസെക്കുമാണെന്ന് ജർമൻ ഫുട്ബോൾ ഇതിഹാസം തോമസ് മുള്ളർ. സ്‌പാനിഷ് വിങ് ഫോർവേഡ് ലാമിൻ യമാലിനും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌നിനും ഇത്തവണ സാധ്യതയില്ലെന്നും ലോകകപ്പിലെ പ്രകടനമായിരിക്കും പുരസ്കാര നിർണയത്തിൽ നിർണായകമാവുകയെന്നും മുള്ളർ വിലയിരുത്തി. ഒക്ടോബർ 26നാണ് ബാലൺ ഡി ഓർ പ്രഖ്യാപനം.
നടന്നുതീർന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും എംബാപ്പെയും ഒലിസെയും ടൂർണമെന്റിൽ കാഴ്ചവെച്ച നിർണായക പ്രകടനം തള്ളിക്കളയാനാവില്ലെന്ന് മുൻ ബയേൺ മ്യൂണിക് സ്ട്രൈക്കർ പറഞ്ഞു. 10 ഗോളുകളോടെ ലോകകപ്പിലെ ടോപ് സ്കോററായ എംബാപ്പെയും, ഏഴ് അസിസ്റ്റുകൾ നേടി തിളങ്ങിയ മൈക്കൽ ഒലിസെയുമാണ് യഥാർത്ഥത്തിൽ ലോകഫുട്ബോളർ പട്ടത്തിന് അർഹരെന്നും മുള്ളർ കൂട്ടിച്ചേർത്തു. ഫ്രഞ്ച് താരങ്ങളുടെ മൈതാനത്തെ ടച്ചിൽ പ്രത്യേക മാജിക് ദൃശ്യമാണെന്നും അത്തരമൊരു ക്വാളിറ്റി മറ്റുള്ളവരിൽ കാണാനില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
അതേസമയം, കഴിഞ്ഞ സീസണിൽ വൻകിട കിരീടവിജയങ്ങളിൽ പങ്കാളിയാകാൻ സാധിച്ചില്ലെങ്കിലും ബാലൺ ഡി ഓർ പുരസ്കാരത്തിന് താൻ അർഹനാണെന്ന പ്രസ്താവനയുമായി കിലിയൻ എംബാപ്പെയും രംഗത്തെത്തിയിരുന്നു. ഫ്രാൻസ് ലോകകപ്പ് നേടാത്തതോ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ജേതാക്കളാകാത്തതോ അവാർഡിനെ ബാധിക്കില്ലെന്നും ഇത് വ്യക്തിഗത മികവിനെ മാത്രം അടിസ്ഥാനമാക്കിയുള്ള പുരസ്കാരമാണെന്നുമായിരുന്നു എംബാപ്പെയുടെ പ്രതികരണം. തൊട്ടുപിന്നാലെ ലാമിൻ യമാലും താൻ എന്തുകൊണ്ട് ബാലൺ ഡി ഓറിന് അർഹനാണെന്ന് വ്യക്തമാക്കി പരസ്യപ്രസ്താവന നടത്തിയിരുന്നു.




