2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ബഞ്ചിൽ ഇരുത്തി, വാം അപ് ചെയ്യിച്ചിട്ടും കളിപ്പിച്ചില്ല, പരിശീലകനുമായി തർക്കം; പോർച്ചുഗൽ ടീം ക്യാംപ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 30, ബുധൻ | 06:45 PM
പങ്കുവെക്കുക:
ബഞ്ചിൽ ഇരുത്തി, വാം അപ് ചെയ്യിച്ചിട്ടും കളിപ്പിച്ചില്ല, പരിശീലകനുമായി തർക്കം; പോർച്ചുഗൽ ടീം ക്യാംപ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ
ബഞ്ചിൽ ഇരുത്തി, വാം അപ് ചെയ്യിച്ചിട്ടും കളിപ്പിച്ചില്ല, പരിശീലകനുമായി തർക്കം; പോർച്ചുഗൽ ടീം ക്യാംപ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോകേരളപ്രഭാതം

"ദേശീയ ടീം പരിശീലകന്റെ വാർത്താസമ്മേളനത്തിന് ശേഷം ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റുമായി സംസാരിച്ചാണ് ഞാൻ ക്യാംപ് വിടുന്നത്. ഇതിന് പിന്നിലെ കാരണങ്ങൾ പോർച്ചുഗലിലെ ജനങ്ങൾക്ക് മുൻപിൽ ഉടൻ വിശദീകരിക്കും. നിലവിൽ പോർച്ചുഗൽ ടീമിനും സഹതാരങ്ങൾക്കും വിജയാശംസകൾ നേരുന്നു," - ക്രിസ്റ്റ്യാനോ വ്യക്തമാക്കി.

കോപ്പൻഹേഗൻ: പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ ഹോർഹെ ജിസസുമായി ഉടലെടുത്ത കടുത്ത അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീം ക്യാംപ് ഉപേക്ഷിച്ചു മടങ്ങി. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ (പി.എഫ്.എഫ്) പ്രസിഡന്റ് പെട്രോ പ്രോൻസയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് താരം ക്യാംപ് വിട്ടത്. സംഭവത്തോടെ ദേശീയ ടീമിൽ ക്രിസ്റ്റ്യാനോയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്.

ക്യാംപ് വിടാനുണ്ടായ യഥാർത്ഥ കാരണങ്ങൾ വൈകാതെ തന്നെ പോർച്ചുഗലിലെ ജനങ്ങളെ അറിയിക്കുമെന്ന് ക്രിസ്റ്റ്യാനോ 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

യുഫേവ നേഷൻസ് ലീഗിൽ നോർവേക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ദിവസം വെയിൽസിനെതിരെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോയെ പൂർണ്ണമായും ബെഞ്ചിലിരുത്തിയിരുന്നു. മത്സരത്തിന്റെ പകുതി സമയത്ത് വാം-അപ്പിനായി ഇറക്കിയെങ്കിലും പിന്നീട് കളത്തിലിറക്കിയില്ല. റൊണാൾഡോയ്ക്ക് പകരം ഫോർവേഡായി ഇറങ്ങിയ ഗോൺസാലോ റാമോസ് തിളങ്ങുകയും പോർച്ചുഗൽ 2-1ന് വിജയിക്കുകയും ചെയ്തു. ഇതിൽ അസ്വസ്ഥനായ ക്രിസ്റ്റ്യാനോ മത്സരം കഴിഞ്ഞയുടൻ ആരാധകരെ അഭിവാദ്യം ചെയ്യാതെ ഗ്രൗണ്ട് വിടുകയായിരുന്നു.

മത്സരശേഷം വാർത്താസമ്മേളനത്തിൽ ടീം സെലക്ഷനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ പരിശീലകൻ ഹോർഹെ ജിസസ് റൊണാൾഡോയ്‌ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. മുൻകാല ചരിത്രങ്ങൾ നോക്കിയല്ല, നിലവിലെ പ്രകടനം മാത്രമാണ് ടീം സെലക്ഷന് മാനദണ്ഡമെന്നും റൊണാൾഡോയും മറ്റു താരങ്ങളെപ്പോലെ ഒരാൾ മാത്രമാണെന്നും ജിസസ് തുറന്നടിച്ചു.

ഇതിനെ തുടർന്ന് സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിനോ ജിം സെഷനുകൾക്കോ ഇറങ്ങാൻ ക്രിസ്റ്റ്യാനോ വിസമ്മതിച്ചു. പ്രശ്നം രൂക്ഷമായതോടെ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസ സ്കാൻഡിനേവിയയിലെത്തി ഇരുവരുമായും സമവായ ചർച്ചകൾ നടത്തിയെങ്കിലും പരിശീലകൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.

ആര് വന്നാലും തീരുമാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് ജിസസ് പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

"ഞാനാണ് ഈ ടീമിന്റെ പരിശീലകൻ. താരങ്ങൾ കളിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എന്റ ചുമതലയാണ്. 30 മിനിറ്റ് വാം-അപ്പ് ചെയ്തിട്ടും കളിപ്പിച്ചില്ലെങ്കിൽ പെലെയായാലും മറഡോണയായാലും നിരാശനാകും. രണ്ടു മത്സരങ്ങളിൽ കളിപ്പിക്കില്ലെന്ന് ഞാൻ ക്രിസിനോട് മുൻപേ പറഞ്ഞിട്ടുള്ളതാണ്. ഫെഡറേഷൻ പ്രസിഡന്റ് വന്നാലും എന്റെ തീരുമാനങ്ങൾ മാറ്റില്ല," - പരിശീലകൻ വ്യക്തമാക്കി.

പരിശീലകന്റെ ഈ പരസ്യനിലപാടോടെയാണ് ടീം ക്യാംപിൽ നിന്ന് ഇറങ്ങിപ്പോകാൻ ക്രിസ്റ്റ്യാനോ തീരുമാനിച്ചത്. ക്രിസ്റ്റ്യാനോയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംഷയിലാണ് ഫുട്ബോൾ ലോകം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)