ഓസ്‌ട്രേലിയയെ വീഴ്ത്തി ബ്രസീല്‍; വിജയമുറപ്പിച്ചത് മത്സരത്തിന്റെ അവസാന നിമിഷങ്ങളിലെ ഗോളുകള്‍
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ബ്രിസ്‌ബേനിൽ നടന്ന ആവേശകരമായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഓസ്‌ട്രേലിയയെ നേരിട്ട് ബ്രസീൽ. ആദ്യ പകുതിയിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ, അവസാന നിമിഷങ്ങളിലെ പ്രകടനമാണ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചത്
സിഡ്‌നി: ബ്രിസ്‌ബേനിൽ നടന്ന ആവേശകരമായ സൗഹൃദ മത്സരത്തിൽ ഓസ്‌ട്രേലിയയെ 4-2 ന് പരാജയപ്പെടുത്തി ബ്രസീൽ. 52,000-ത്തിലധികം കാണികളെ സാക്ഷിയാക്കി നടന്ന പോരാട്ടത്തിൽ, അവസാന നിമിഷങ്ങളിൽ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലാണ് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ വിജയം പിടിച്ചെടുത്തത്. ടൗൺസ്വില്ലെയിൽ നടന്ന ആദ്യ മത്സരത്തിൽ അവസാന നിമിഷം സമനില വഴങ്ങേണ്ടി വന്ന ബ്രസീൽ, രണ്ടാം പോരാട്ടത്തിൽ മികച്ച തിരിച്ചുവരവാണ് നടത്തിയത്.
മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ ഫുൾ ബാക്ക് വാൻഡേഴ്‌സണിലൂടെ ബ്രസീലാണ് ആദ്യം വലകുലുക്കിയത്. എന്നാൽ ശക്തമായി തിരിച്ചടിച്ച ഓസ്‌ട്രേലിയ 28-ാം മിനിറ്റിൽ അലസ്സാൻഡ്രോ സർക്കാറ്റിയിലൂടെ സമനില പിടിച്ചു. തുടർന്ന് 33-ാം മിനിറ്റിൽ കോണർ മെറ്റ്കാഫിന്റെ മനോഹര ഷോട്ടിലൂടെ ആതിഥേയർ 2-1 ന് മുന്നിലെത്തി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡാനിലോയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ റാഫിഞ്ഞ ബ്രസീലിന് സമനില നൽകി.
രണ്ടാം പകുതിയുടെ അവസാന ഘട്ടത്തിലാണ് ബ്രസീൽ യഥാർത്ഥ കരുത്തുകാട്ടിയത്. എൻഡ്രിക് നൽകിയ പാസിൽ നിന്ന് ബ്രൂണോ ഗിമാറസ് ബ്രസീലിനെ വീണ്ടും മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ ലഭിച്ച പെനാൽറ്റി വിനീഷ്യസ് ജൂനിയർ വലയിലാക്കിയതോടെ ബ്രസീൽ തിളക്കമാർന്ന വിജയം ഉറപ്പിക്കുകയായിരുന്നു.




