ആൻസി സോജനെതിരായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഏഷ്യൻ ഗെയിംസിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ മത്സര സമയത്ത് ആൻസി ധരിച്ചിരുന്ന ആഭരണങ്ങൾ, ഹെയർസ്റ്റൈൽ, മേക്കപ്പ് എന്നിവയെ കുറിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ശക്തമായത്.
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ലോങ് ജംപിലെ വെള്ളി മെഡൽ ജേതാവ് ആൻസി സോജന് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ. ആൻസിയെ വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെയും പരിഹാസങ്ങളിലൂടെയും അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. താരം രാജ്യത്തിനായി കൈവരിച്ച നേട്ടം കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണെന്ന് ഓർമിപ്പിച്ച അസോസിയേഷൻ, ആൻസിക്ക് പിന്തുണയുമായി #standwithancy ക്യാമ്പയിനും ആഹ്വാനം ചെയ്തു.
ഏഷ്യൻ ഗെയിംസ് നേട്ടത്തിന് പിന്നാലെ, മത്സരസമയത്ത് ആൻസി ധരിച്ചിരുന്ന ആഭരണങ്ങൾ, ഹെയർസ്റ്റൈൽ, മേക്കപ്പ് എന്നിവയെ ചൊല്ലിയാണ് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം അധിക്ഷേപവുമായി രംഗത്തെത്തിയത്. ധരിച്ചിരുന്ന ആഭരണങ്ങൾ അഴിച്ചുവെച്ച് ചാടിയിരുന്നെങ്കിൽ സ്വർണം ലഭിക്കുമായിരുന്നു എന്ന രീതിയിലുള്ള വിമർശനങ്ങൾ രൂക്ഷമായതോടെ ആൻസിയും കുടുംബവും നിലപാട് വ്യക്തമാക്കിയിരുന്നു.
ഇത്തരം മേക്കപ്പും സ്റ്റൈലുകളും ട്രാക്കിൽ ആൻസിയുടെ ആത്മവിശ്വാസം കൂട്ടാനാണ് സഹായിക്കുന്നതെന്ന് സഹോദരി വ്യക്തമാക്കി. വർഷങ്ങളുടെ കഠിനാധ്വാനത്തെ മാനിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും, ആഭരണങ്ങൾ അണിഞ്ഞുതന്നെയാണ് താൻ അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്നതെന്നും ആൻസിയും പ്രതികരിച്ചു.




