2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

രോഹിത് വീണ്ടും മുംബൈ ഇന്ത്യൻസ് നായകനായേക്കും; ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം യശസ്വി ജയ്‌സ്വാൾ മുംബൈയിലേക്ക്?

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 05:02 PM
പങ്കുവെക്കുക:
രോഹിത് വീണ്ടും മുംബൈ ഇന്ത്യൻസ് നായകനായേക്കും; ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം യശസ്വി ജയ്‌സ്വാൾ മുംബൈയിലേക്ക്?
രോഹിത് വീണ്ടും മുംബൈ ഇന്ത്യൻസ് നായകനായേക്കും; ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം യശസ്വി ജയ്‌സ്വാൾ മുംബൈയിലേക്ക്?കേരളപ്രഭാതം

അടുത്ത ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് ശർമ്മ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാൻ റോയൽസുമായുള്ള ട്രേഡിലൂടെ യുവതാരം യശസ്വി ജയ്‌സ്വാൾ മുംബൈയിലെത്താനും സാധ്യതയുണ്ട്.

മുംബൈ: അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായി രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിന്‍റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ടീമിന് അഞ്ച് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച മുൻ നായകന് തന്നെ വീണ്ടും നേതൃചുമതല നൽകാൻ ഫ്രാഞ്ചൈസി മാനേജ്‌മെന്‍റ് താൽപര്യപ്പെടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2024 സീസണിന് മുന്നോടിയായാണ് രോഹിതിന് പകരം ഹാർദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി നിയമിച്ചത്. എന്നാൽ ഹാർദിക്കിന് കീഴിൽ 2024-ൽ ടീം പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2025-ൽ ടീം പ്ലേഓഫിൽ എത്തിയെങ്കിലും 2020-ന് ശേഷം ഫൈനലിൽ എത്തുന്നതിൽ മുംബൈ പരാജയപ്പെട്ടു. രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്നുണ്ടായ ഡ്രസ്സിംഗ് റൂം അന്തരീക്ഷവും ആരാധകരുടെ അതൃപ്തിയും ടീമിന്‍റെ പ്രകടനത്തെ ബാധിച്ചെന്നാണ് വിലയിരുത്തൽ.

ഭാവി നായകനായി തിലക് വർമ്മയോ സൂര്യകുമാറോ?

ഹാർദിക് നായകസ്ഥാനമൊഴിഞ്ഞാൽ സൂര്യകുമാർ യാദവോ തിലക് വർമ്മയോ ക്യാപ്റ്റനായേക്കുമെന്ന് മുൻപ് വാർത്തകൾ ഉണ്ടായിരുന്നു. സൂര്യകുമാറിന്‍റെ നേതൃത്വത്തിൽ ഇന്ത്യ ടി20 ലോകകപ്പ് ഉയർത്തിയിരുന്നു. തിലക് വർമ്മയെ ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റനായി നിയമിച്ചതും താരത്തെ ഭാവി നായകനായി മുംബൈ വളർത്തിയേക്കുമെന്ന സൂചന നൽകി.

എന്നാൽ 2027-ൽ രോഹിതിന്‍റെ പരിചയസമ്പത്തിന് മുൻഗണന നൽകാനാണ് മാനേജ്‌മെന്‍റ് താല്പര്യപ്പെടുന്നത്. 2027 ഐപിഎൽ സീസണോടെ രോഹിത് വിരമിക്കൽ പ്രഖ്യാപിക്കുകയാണെങ്കിൽ, ആ സീസണിൽ രോഹിതിന് കീഴിൽ തിലക് വർമ്മയെയോ സൂര്യകുമാറിനെയോ ക്യാപ്റ്റനാക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഹാർദിക് പാണ്ഡ്യക്ക് പകരം ജയ്‌സ്വാൾ മുംബൈയിലേക്ക്?

രോഹിതിന്‍റെ തിരിച്ചുവരവ് വാർത്തകൾ പുറത്തുവന്നതോടെ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിലേക്ക് ഹാർദിക് ട്രേഡ് ചെയ്യപ്പെട്ടേക്കാമെന്ന് കരുതുന്നു.

രാജസ്ഥാൻ റോയൽസുമായി ട്രേഡ് നടക്കുകയാണെങ്കിൽ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ പകരം മുംബൈ സ്വന്തമാക്കിയേക്കും. രോഹിതിന് ശേഷം ഭാവിയിലേക്ക് ഒരു മികച്ച ഇന്ത്യൻ ഓപ്പണറെ ഉറപ്പാക്കാൻ ഇത് മുംബൈയെ സഹായിക്കും. എങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)