2027 ഏകദിന ലോകകപ്പ്: ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയയ്‌ക്കെതിരെ; ഇന്ത്യ-പാക് പോരാട്ടം ഒക്ടോബർ 10-ന്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

2027 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 7-ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ കേപ്‌ടൗണിൽ നടക്കും.
കേപ്‌ടൗൺ: 2027-ൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഒക്‌ടോബർ ഏഴിന് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ. കേപ്‌ടൗണിലെ ന്യൂലാൻഡ്‌സ് സ്റ്റേഡിയത്തിലാണ് കരുത്തരായ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലാണ് (ഐ.സി.സി) ടൂർണമെന്റിന്റെ ഔദ്യോഗിക മത്സരക്രമം കേപ്‌ടൗണിൽ പുറത്തുവിട്ടത്.
ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ഒക്ടോബർ 10-ന് ജോഹന്നസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ നടക്കും. ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഒക്‌ടോബർ 14-ന് പ്രിട്ടോറിയയിൽ അഫ്ഗാനിസ്താനുമായും ഒക്‌ടോബർ 17-ന് ബ്ലൂംഫോണ്ടെയ്നിൽ വെച്ച് ക്വാളിഫയർ കടന്നുവരുന്ന ടീമുമായും ഇന്ത്യ ഏറ്റുമുട്ടും. ഒക്‌ടോബർ 24-ന് വിക്‌ടോറിയ ഫോൾസിലെ പുതിയ സ്റ്റേഡിയത്തിൽ ആതിഥേയരായ സിംബാബ്‌വെക്കെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.
സൂപ്പർ-7 ഘട്ടത്തിലേക്ക് യോഗ്യത
ഗ്രൂപ്പ് എ-യിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നിലെത്താനായാൽ ഇന്ത്യക്ക് സൂപ്പർ-7 ഘട്ടത്തിലേക്ക് മുന്നേറാം. ഒക്‌ടോബർ 25 മുതൽ നവംബർ 14 വരെയാണ് സൂപ്പർ-7 പോരാട്ടങ്ങൾ നടക്കുക. സെമി ഫൈനൽ മത്സരങ്ങൾ നവംബർ 17, 18 തീയതികളിൽ കേപ്‌ടൗണിലും പ്രിട്ടോറിയയിലുമായി അരങ്ങേറും. നവംബർ 21-ന് ജോഹന്നസ്ബർഗിലാണ് കലാശപ്പോരാട്ടം.
ഇന്ത്യ-പാക് പോരാട്ടം മൂന്ന് തവണ?
ഇത്തവണത്തെ ടൂർണമെന്റിൽ ഇന്ത്യയും പാകിസ്താനും മൂന്ന് തവണ വരെ മുഖാമുഖം വരാൻ സാധ്യതയുള്ളത് ആരാധകർക്ക് ആവേശം പകരുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടത്തിന് പുറമെ, ഇരുടീമുകളും സൂപ്പർ-7 ഘട്ടത്തിലേക്ക് മുന്നേറിയാൽ അവിടെയും ഏറ്റുമുട്ടും. തുടർന്ന് സെമി ഫൈനലിലോ ഫൈനലിലോ ഇരുടീമുകളും എത്തുന്ന പക്ഷം ടൂർണമെന്റിൽ മൂന്നാം തവണയും ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങും.




