ടൈം മാഗസിന്‍റെ 100 ഭാവിതാരങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വിവിധ മേഖലകളിൽ ഉയർന്നുവരുന്ന പ്രമുഖരെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പട്ടികയിലെ ‘ഫെനോം’ വിഭാഗത്തിലാണ് വൈഭവ് തെരഞ്ഞെടുക്കപ്പെട്ടത്.
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിലെ പുതിയ വിസ്മയമായ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിക്ക് വീണ്ടും ആഗോള അംഗീകാരം. പ്രമുഖ അമേരിക്കൻ വാർത്താമാസികയായ 'ടൈം' പ്രസിദ്ധീകരിച്ച 2026-ലെ ഏറ്റവും സ്വാധീനമുള്ള 100 ആഗോള യുവതാരങ്ങളുടെ (TIME100 Next) പട്ടികയിലാണ് 15-കാരനായ വൈഭവ് ഇടംപിടിച്ചത്. വിവിധ മേഖലകളിൽ ഉയർന്നുവരുന്ന പ്രമുഖരെ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിലെ ‘ഫെനോം’ വിഭാഗത്തിലാണ് താരം തെരഞ്ഞെടുക്കപ്പെട്ടത്.
ഈ അഭിമാന പട്ടികയിൽ ഇടംപിടിക്കുന്ന ഏക ഇന്ത്യൻ കായികതാരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് വൈഭവ് സൂര്യവംശി. ലോക കായികരംഗത്തെ ഏറ്റവും ആവേശകരമായ പ്രതിഭകളിൽ ഒരാൾ എന്നാണ് ടൈം മാഗസിൻ വൈഭവിനെ വിശേഷിപ്പിച്ചത്. അമേരിക്കൻ ക്വാട്ടർബാക്ക് ആർച്ച് മാനിംഗ്, ഫിലിപ്പീൻസ് ടെന്നീസ് താരം അലക്സാണ്ട്ര ഈല തുടങ്ങിയവരുൾപ്പെടെ ലോകമെമ്പാടുമുള്ള ഏഴ് കായികതാരങ്ങൾ മാത്രമാണ് ഇത്തവണത്തെ പട്ടികയിൽ സ്ഥാനം പിടിച്ചത്.
പന്ത്രണ്ടാം വയസ്സിൽ ബിഹാറിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറി ശ്രദ്ധ നേടിയ വൈഭവ്, 2025-ലെ ഐ.പി.എൽ ലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസിലെത്തിയത്. ഐ.പി.എൽ ലേലത്തിൽ ഒരു ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും താരം സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ സെഞ്ചുറി നേടി ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറിയാനായി.
തൊട്ടടുത്ത സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് അടിച്ച് റൺവേട്ടക്കാരിൽ ഒന്നാമതെത്തിയ താരം, ഒരു സീസണിൽ 72 സിക്സറുകൾ എന്ന ക്രിസ് ഗെയ്ലിന്റെ സർവകാല റെക്കോർഡും തിരുത്തിക്കുറിച്ചു. കഴിഞ്ഞ ജൂലൈയിൽ മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിൽ ദേശീയ ജേഴ്സി അണിഞ്ഞതോടെ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടന്ന് ഇന്ത്യക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന നേട്ടവും വൈഭവിനെ തേടിയെത്തി.
ഇന്ത്യ കിരീടം നേടിയ അണ്ടർ-19 ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും, ശ്രീലങ്ക 'എ' ടീമിനെതിരെ 11 പന്തിൽ ലിസ്റ്റ് 'എ' ക്രിക്കറ്റിലെ വേഗമേറിയ ഫിഫ്റ്റി അടിച്ചതും താരത്തിന്റെ മികച്ച നേട്ടങ്ങളാണ്. "ഞാൻ ക്രീസിൽ നിൽക്കുന്നത്രയും സമയം ആധിപത്യം പുലർത്തി കളിക്കുന്നിടത്തോളം എതിരാളികളുടെ കയ്യിൽ നിന്ന് വിജയം തട്ടിയെടുക്കാൻ എനിക്ക് കഴിയും" - ടൈം മാഗസിന് നൽകിയ പ്രതികരണത്തിൽ വൈഭവ് വ്യക്തമാക്കി.
നിലവിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ അംഗമാണ് ഈ കൗമാര താരം.




