കടയിലെത്തി ശ്രദ്ധ തിരിച്ച് പട്ടാപ്പകൽ മേശയിലെ പണം കൈക്കലാക്കും; നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തുന്ന യുവതി അടക്കമുള്ള സംഘത്തിനായി തെരച്ചിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കൊല്ലത്തും സമീപപ്രദേശങ്ങളിലും വയോധികരുടെ കടകളിൽ ശ്രദ്ധതിരിച്ച് പണവും ഫോണും കവരുന്ന യുവതിയടങ്ങുന്ന മൂന്നംഗ മോഷണസംഘത്തിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
കൊല്ലം: വയോധികർ നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നമ്പർപ്ലേറ്റില്ലാത്ത ബൈക്കിലെത്തി മോഷണം നടത്തുന്ന മൂന്നംഗ സംഘത്തിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. ഒരു യുവതി ഉൾപ്പെടുന്ന സംഘമാണ് കൊല്ലം നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലും പരമ്പരയായി മോഷണം നടത്തുന്നത്.
ഇരവിപുരം വാളത്തുംഗൽ കളരി വാതുക്കൽ ക്ഷേത്രത്തിന് മുൻവശത്തുള്ള ശ്രീധരൻ നായരുടെ പലചരക്ക് കടയിൽ നിന്ന് 8500 രൂപയും, താന്നിമുക്കിൽ പവിത്രന്റെ നാളികേര വ്യാപാര സ്ഥാപനത്തിൽ നിന്ന് 5000 രൂപയും സംഘം കവർന്നു. മയ്യനാട് വലിയവിളയിൽ രാജുവിന്റെ കടയിൽ നിന്ന് മേശയിലുണ്ടായിരുന്ന 1500 രൂപയും പുളിയത്തുമുക്കിലെ കടയിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷണം പോയിട്ടുണ്ട്.
കൂട്ടിക്കട, താന്നിമുക്ക്, വലിയവിള, കണ്ണനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരികളും സമാനമായ പരാതി ഉയർത്തുന്നുണ്ട്.
സാധനങ്ങൾ ചോദിച്ച് വ്യാപാരികളുടെ ശ്രദ്ധ തിരിച്ച് മേശയിലെ പണവും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുന്നതാണ് ഇവരുടെ രീതി. പണം കവർന്ന ഉടൻ അൽപം അകലെ ബൈക്കിൽ കാത്തുനിൽക്കുന്ന കൂട്ടാളികൾക്കൊപ്പം കടന്നുകളയും.
വിവിധ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഷണത്തിന് പിന്നിൽ ഒരേ സംഘമാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ ഇരവിപുരം പോലീസ് സ്റ്റേഷനിലാണ് കൂടുതൽ പരാതി ലഭിച്ചിട്ടുള്ളത്. പ്രദേശത്ത് മോഷണം പതിവായിട്ടും പ്രതികളെ പിടികൂടാൻ വൈകുന്നതിൽ വ്യാപാരികൾക്കും നാട്ടുകാർക്കുമിടയിൽ പ്രതിഷേധം ശക്തമാണ്.




