ഹോട്ടലില് അതിക്രമിച്ച് കയറി അടിച്ചുതകര്ത്ത് ബില്ലിംഗ് സ്റ്റാഫായ യുവതിയെ ആക്രമിച്ചു; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കോഴിക്കോട് കുന്ദമംഗലത്ത് ഹോട്ടലില് അതിക്രമിച്ചുകയറി ബില്ലിംഗ് ജീവനക്കാരിയെ വധശ്രമം നടത്തിയ കേസില് കുന്ദമംഗലം സ്വദേശി ഉണ്ണികൃഷ്ണനെ (39) പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കോടതിയില് റിമാന്ഡിലാണ്.
കോഴിക്കോട്: കുന്ദമംഗലത്ത് ഹോട്ടലില് അതിക്രമിച്ചുകയറി സാധനസാമഗ്രികള് അടിച്ചുതകര്ക്കുകയും ബില്ലിംഗ് ജീവനക്കാരിയെ കൊലപ്പെടുത്താന് ശ്രമിക്കുകയും ചെയ്ത കേസില് യുവാവ് അറസ്റ്റില്. കുന്ദമംഗലം സ്വദേശി ഉണ്ണികൃഷ്ണനെയാണ് (39) കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തൃശൂര് സ്വദേശിനിയായ യുവതി ബില്ലിംഗ് ജീവനക്കാരിയായി ജോലി ചെയ്യുന്ന കുന്ദമംഗലം പാലക്കല് റസ്റ്റോറന്റിലേക്ക് അതിക്രമിച്ചുകയറിയ പ്രതി, ബാഗിലുണ്ടായിരുന്ന കല്ലെടുത്ത് കടയുടെ മുന്വശത്തെ ചില്ല് അടിച്ചുതകര്ത്തു. തുടര്ന്ന് കടയിലെ മറ്റ് സാധനങ്ങളും നശിപ്പിച്ച ഇയാള്, പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് യുവതിയുടെ കഴുത്തിന് നേരെ വീശി കൊലപ്പെടുത്താന് ശ്രമിക്കുകയായിരുന്നു.
യുവതിയുടെ പരാതിയില് കുന്ദമംഗലം പോലീസ് കേസെടുത്ത് ഊര്ജിതമായ അന്വേഷണം ആരംഭിച്ചു. തുടര്ന്ന് നടത്തിയ അന്വേഷണത്തില് പ്രതി ഉണ്ണികൃഷ്ണനെ കുന്ദമംഗലത്ത് വെച്ച് ഇന്സ്പെക്ടര് അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.




