ചേർപ്പിൽ ലഹരിമരുന്ന് പിടികൂടിയ സംഭവം: യുവാവിന് എംഡിഎംഎ എത്തിച്ചു നൽകിയത് 25 കാരൻ ജുവൽ, പൊക്കി പൊലീസ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തൃശൂർ ചേർപ്പിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ലഹരിമരുന്ന് എത്തിച്ചുനൽകിയ പ്രധാന വിതരണക്കാരനായ പനമുക്ക് സ്വദേശി ജുവലിനെ (25) നെടുപുഴയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ രണ്ടിന് 0.780 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ആൽബിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ലഹരി ശൃംഖലയിലെ മുഖ്യപ്രതിയെ പൊലീസിന് പിടികൂടാനായത്.
തൃശൂർ: ചേർപ്പിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ലഹരിമരുന്ന് എത്തിച്ചുനൽകിയ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പനമുക്ക് തട്ടിൽ ഉമ്പാവ് വീട്ടിൽ ജുവൽ (25) ആണ് ചേർപ്പ് പൊലീസിന്റെ പിടിയിലായത്. നെടുപുഴയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഒക്ടോബർ രണ്ടിന് 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർപ്പ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പൂച്ചുണ്ണിപ്പാടം സ്വദേശി ആൽബിനെ (24) 0.780 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി എത്തിച്ചുനൽകിയ ജുവലിനെക്കുറിച്ച് വിവരം ലഭിച്ചത്.
കേസിലെ ലഹരിശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും ഉറവിടത്തെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. ചേർപ്പ് എസ്എച്ച്ഒ അമൽ ജോയ്, എസ്ഐ ബാബു ജോർജ്, എഎസ്ഐ ഭരതനുണ്ണി, സിപിഒമാരായ അജിത്ത്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.




