വിദ്യാർത്ഥികളെ പുറത്തിറക്കി വന്ദേമാതരം സെമിനാർ നടത്തി, കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിസിക്കെതിരെ എസ്എഫ്ഐ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കാസർകോട് കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാറിനെതിരെ സംഘപരിവാർ വർഗീയ അജണ്ടയെന്നാരോപിച്ച് വി.സിക്കെതിരെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. പോലീസിൻ്റെ മർദനത്തെയും സംഘാടന പോരായ്മകളിൽ വിദ്യാഭ്യാസ വകുപ്പിനെയും അദ്ദേഹം കടുപ്പത്തിൽ വിമർശിച്ചു.
പേരിയ: കാസർകോട് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഒന്നാന്തരം ആർ.എസ്.എസുകാരനാണെന്നും വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് പുറത്തിറക്കിയാണ് ക്യാമ്പസിൽ വന്ദേമാതരം സെമിനാർ സംഘടിപ്പിച്ചതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. വന്ദേമാതരത്തിലെ ആദ്യ വരികൾ എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളും രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികളും പാടുന്നതാണെന്നും എന്നാൽ അതിനപ്പുറമുള്ള വരികൾ ഉയർത്തിക്കാട്ടുന്നത് വിഭജനത്തിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സർവകലാശാലകളിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാനാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. ജനഗണമനയോട് താല്പര്യമില്ലാത്ത ഇവർ വന്ദേമാതരത്തെ മാത്രം സംഘപരിവാർ അജണ്ടക്കായി ഉയർത്തിക്കാട്ടുന്നത് വർഗീയ തന്ത്രമാണെന്നും സഞ്ജീവ് കുറ്റപ്പെടുത്തി. ഇതിനെതിരെ ക്യാമ്പസിൽ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ കേരള പൊലീസ് ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കടുത്ത വിമർശനം
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കും സർക്കാരിനുമെതിരെയും കടുത്ത വിമർശനമാണ് എസ്.എഫ്.ഐ ഉയർത്തിയത്. കേരളത്തിലെ ശാസ്ത്രമേളകളും കായികമേളകളും പൂർണമായും താറുമാറായ അവസ്ഥയിലാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. മുൻ സർക്കാരിന്റെ കാലത്ത് കലോത്സവങ്ങളിലെയും മേളകളിലെയും ഭക്ഷണ മെനുവിനെക്കുറിച്ചായിരുന്നു ചർച്ചയെങ്കിൽ, നിലവിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കുടിവെള്ളം പോലും ലഭിക്കാത്ത ദയനീയ സ്ഥിതിയാണുള്ളതെന്ന് സഞ്ജീവ് ചൂണ്ടിക്കാട്ടി.
കുറെ ദിവസങ്ങളായി കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയെ എസ്.എഫ്.ഐ തപ്പുകയാണെന്നും പാലക്കാട്ടുകാരനായ മന്ത്രിയെ എവിടെയും കാണാനില്ലെന്നും നേതാക്കൾ പരിഹസിച്ചു.




