ശുചിമുറി ഫീസ് ജിപേ സ്വീകരിച്ചില്ല, അകത്ത് കയറിയതോടെ വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമം, പുറത്തു വന്നപ്പോൾ മർദനവും, ജീവനക്കാർ പിടിയിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ജിപേ വഴി പണം സ്വീകരിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ മർദിച്ച മറൈൻ ഡ്രൈവിലെ ശുചിമുറി ജീവനക്കാരായ രണ്ടുപേർ അറസ്റ്റിൽ. ഫീസ് ഓൺലൈനായി നൽകാമെന്ന് പറഞ്ഞ താജുദീൻ എന്ന യുവാവിനാണ് വാതിൽ തല്ലിപ്പൊളിച്ച് അകത്തുകയറി സംഘം ചേർന്ന് മർദനമേറ്റത്.
കൊച്ചി: മറൈൻ ഡ്രൈവിലെ പൊതുശുചിമുറിയിൽ പത്തുരൂപ ഫീസ് ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞ യുവാവിനെ മർദിച്ച സംഭവത്തിൽ രണ്ടു ജീവനക്കാർ അറസ്റ്റിൽ. കളമശേരി കൊടിയിൽ വീട്ടിൽ എസ്. അജിത്ത് (44), വരാപ്പുഴ എടമ്പാടം മഠത്തിപ്പറമ്പിൽ എം.എം. റോബിൻ (59) എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. വാഴക്കുളം സ്വദേശി താജുദീനാണ് (28) മർദനമേറ്റത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ജി.സി.ഡി.എക്ക് കീഴിലുള്ള മറൈൻ ഡ്രൈവിലെ ശുചിമുറിയിലാണ് സംഭവം. പത്തുരൂപ ജിപേ ചെയ്യാമെന്ന് താജുദീൻ പറഞ്ഞെങ്കിലും പണമായി മാത്രമേ സ്വീകരിക്കൂവെന്ന് ജീവനക്കാർ വാശിപിടിച്ചതോടെ തർക്കമാവുകയായിരുന്നു. കയ്യിൽ പണമില്ലാതിരുന്നതിനാൽ അത്യാവശ്യത്തിന് അകത്തുകയറിയ താജുദീനെ പിന്തുടർന്ന ജീവനക്കാരൻ വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമിച്ചു.
വാതിൽ ബലമായി തുറക്കാൻ ശ്രമിച്ചതോടെ താജുദീന്റെ ചുണ്ടിന് പരിക്കേറ്റു. തുടർന്ന് പുറത്തുവന്ന യുവാവിനെ ജീവനക്കാരും കൂടെയുണ്ടായിരുന്ന മറ്റു മൂന്നുപേരും ചേർന്ന് മുഖത്തും തലയിലും ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സെൻട്രൽ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.




