ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി; പശ്ചിമേഷ്യയിൽ മൂന്ന് വിമാനവാഹിനി കപ്പലുകൾ വിന്യസിക്കും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

അമേരിക്ക മൂന്ന് വിമാനവാഹിനി കപ്പലുകൾ വിന്യസിക്കാനൊരുങ്ങിയതോടെ പശ്ചിമേഷ്യയിൽ സംഘർഷസാധ്യത ഏറി; ഇറാന് മേൽ പുതിയ ഉപരോധങ്ങളും യു.എസ് ഏർപ്പെടുത്തി. ചർച്ചകളിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കുമ്പോഴും, ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണം മേഖലയിലെ സ്ഥിതി വഷളാക്കുന്നു.
അമേരിക്കയുടെ ഭാഗത്തുനിന്ന് വീണ്ടും യുദ്ധഭീഷണിയുയർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷസാധ്യത പുകയുന്നു. നവംബർ അവസാനത്തോടെ മൂന്ന് വിമാനവാഹിനി കപ്പലുകളും രണ്ട് സൈനിക ട്രൂപ്പുകളും മേഖലയിൽ വിന്യസിക്കാനാണ് അമേരിക്കയുടെ നീക്കം.
അതേസമയം, സംഘർഷ അന്തരീക്ഷത്തിനിടയിലും അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളിൽനിന്ന് പിന്മാറിയിട്ടില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. എന്നാൽ ഇറാനെതിരായ നിലപാട് കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായി യു.എസ് വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാന്റെ റെയിൽവേ, ഓട്ടോമോട്ടീവ് മേഖലകളെയും ഇവയുമായി സഹകരിക്കുന്ന അന്താരാഷ്ട്ര വിതരണക്കാരെയുമാണ് പുതിയ ഉപരോധത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത്.
ഉപരോധങ്ങൾ കർശനമാക്കിയതോടെ സെപ്റ്റംബറിൽ ഇറാനിൽനിന്ന് ഒരു ശതമാനം പോലും ക്രൂഡ് ഓയിൽ കപ്പലുകളിൽ കയറ്റി അയച്ചിട്ടില്ലെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അവകാശപ്പെട്ടു.
ഇതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിനു നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെത്തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായതായി കപ്പൽ ഗതാഗത ഡാറ്റ നിരീക്ഷിക്കുന്ന യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ (UKMTO) അറിയിച്ചു. മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.




