ഗുജറാത്തില്‍ ആരംഭിച്ച് ദേശീയനേതൃത്തിലേക്ക് ; നരേന്ദ്ര മോദിയ്ക്ക് ഭരണത്തില്‍ 25 വര്‍ഷങ്ങള്‍: രാജ്യമൊട്ടാകെ ആഘോഷങ്ങളുമായി ബി.ജെ.പി.
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായുള്ള തുടക്കം മുതല്‍ പ്രധാനമന്ത്രി പദം വരെയുള്ള 25 വര്‍ഷത്തെ ഭരണനേതൃത്വം പൂര്‍ത്തിയാക്കി നരേന്ദ്ര മോദി. ഈ നാഴികക്കല്ലിന്റെ ഭാഗമായി രാജ്യമൊട്ടാകെ വിപുലമായ ആഘോഷപരിപാടികളും ക്ഷേമപദ്ധതികളും സംഘടിപ്പിക്കുകയാണ് ബി.ജെ.പി.
ഡല്‍ഹി: ഭരണതലത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി സരോജിനി നഗറിലെ ശ്രീ വിനായക് മന്ദിറില്‍ പ്രാര്‍ത്ഥനയും ആരതിയും നടത്തിയാണ് കാല്‍നൂറ്റാണ്ട് പിന്നിട്ടതിന്റെ ആഘോഷങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടത്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിച്ച അദ്ദേഹം, കൂടുതല്‍ അര്‍പ്പണബോധത്തോടെ സേവനം തുടരുമെന്ന് പ്രഖ്യാപിച്ചു.
2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റാണ് മോദി ഭരണനേതൃത്വത്തിലേക്ക് വരുന്നത്. 12 വര്‍ഷത്തിലേറെ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടര്‍ന്ന അദ്ദേഹം, 2014-ലാണ് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നത്. തുടർന്ന് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വൻ വിജയത്തിലേക്ക് നയിച്ചു. 2019, 2024 തിരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചതോടെ ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന നേതാവെന്ന നേട്ടവും മോദി സ്വന്തമാക്കി.
ഭരണരംഗത്തെ 25 വർഷത്തെ നേട്ടങ്ങളിൽ മോദിയെ കേന്ദ്ര കാബിനറ്റ് യോഗം അഭിനന്ദിച്ചു. 'രാഷ്ട്രം ആദ്യം, പൗരന്‍ ആദ്യം' എന്ന നയവും ജന്‍ധന്‍ യോജന, ഭവന നിര്‍മ്മാണം, യു.പി.ഐ, ജി.എസ്.ടി, ദേശീയ സുരക്ഷ, ചന്ദ്രയാന്‍-3 അടക്കമുള്ള സാങ്കേതിക മുന്നേറ്റങ്ങളും യോഗം എടുത്തുപറഞ്ഞു. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യമുയര്‍ത്തിയാണ് ബി.ജെ.പി ഈ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
നേട്ടം രാജ്യത്തുടനീളം വലിയ രീതിയിൽ ആഘോഷമാക്കുകയാണ് ബി.ജെ.പിയും എന്‍.ഡി.എ സഖ്യകക്ഷികളും. ബുധനാഴ്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ടോര്‍ച്ച് മാര്‍ച്ചുകള്‍, മോട്ടോര്‍സൈക്കിള്‍-സൈക്കിള്‍ റാലികള്‍, മോദിയുടെ രാഷ്ട്രീയ യാത്ര വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവ നടക്കും. ബി.ജെ.പി പരിപാടികളുടെ ഭാഗമായി ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിലെ ഭരണപരിചയം ഉയർത്തിക്കാട്ടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഗുജറാത്തില്‍ ആരംഭിച്ച് പിന്നീട് ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ച 'സ്വാഗത്' പരാതിപരിഹാര സംവിധാനം, ജ്യോതിഗ്രാം പദ്ധതി തുടങ്ങിയവയും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബര്‍ 17-ന് മോദിയുടെ ജന്മദിനത്തില്‍ ആരംഭിച്ച ഒരു മാസം നീളുന്ന 'സേവ സങ്കല്‍പ്പ് അഭിയാന്‍' പരിപാടികളുടെ ഭാഗമായി രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടക്കുന്നുണ്ട്. ഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയം കോംപ്ലക്‌സിലാണ് 'സേവ ജ്യോതി' പരിപാടി ക്രമീകരിച്ചിരിക്കുന്നത്.




