ഒളിപ്പിച്ച ഫോണിലെ ചാറ്റിൽ തെളിഞ്ഞു സത്യം; ഹൃദയാഘാതമല്ല, യുവാവിന്റെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

യുവാവിന്റെ മരണം ഹൃദയാഘാതമല്ല കൊലപാതകമാണെന്ന് ഒളിപ്പിച്ച ഫോണിലെ ചാറ്റുകളിലൂടെ തെളിഞ്ഞു. സംഭവത്തിൽ ഭാര്യയും കാമുകനും സുഹൃത്തും ചേർന്ന് യുവാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഉത്തർപ്രദേശിലെ മീററ്റിൽ ഹൃദയാഘാതം മൂലം മരിച്ചെന്ന് കരുതിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ലോഹ്യനഗർ സ്വദേശി താലിബ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ താലിബിന്റെ ഭാര്യ ഇൽമ (27), ഇവരുടെ കാമുകൻ അമൻ, ഇയാളുടെ സുഹൃത്ത് എന്നിവർ ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇൽമയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സെപ്റ്റംബർ 28-നാണ് താലിബ് വീട്ടിൽവെച്ച് മരിക്കുന്നത്. ജോലി കഴിഞ്ഞ് എത്തിയ താലിബ് പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് ഇൽമ ബന്ധുക്കളെ ധരിപ്പിച്ചത്. ഹൃദയാഘാതമാണെന്ന് വിശ്വസിച്ച് ബന്ധുക്കൾ മൃതദേഹം ഖബറടക്കുകയും ചെയ്തു.
എന്നാൽ, ഒക്ടോബർ ഒന്നിന് വീട്ടിലെത്തിയ ബന്ധു റയീസ്, വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ താലിബിന്റെ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. ഫോൺ പരിശോധിച്ചപ്പോൾ അമനുമായി താലിബ് നടത്തിയ സംഭാഷണങ്ങളും, തന്റെ ഭാര്യയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് അമനോട് ആവശ്യപ്പെടുന്ന സന്ദേശങ്ങളും കണ്ടെത്തി.
തുടർന്ന് ബന്ധുക്കൾ ഇൽമയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. വിവാഹേതര ബന്ധത്തെച്ചൊല്ലി സംഭവദിവസം താലിബും ഇൽമയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇൽമ കാമുകനായ അമനെയും സുഹൃത്തിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മൂവരും ചേർന്ന് താലിബിനെ മർദിക്കുകയും തുടർന്ന് ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.




