ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പഞ്ചാബിലെ തരൺ തരൺ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബി.എസ്.എഫ് വെടിവെച്ചുകൊന്നു. മുന്നറിയിപ്പ് അവഗണിച്ച് മുന്നേറിയതിനെ തുടർന്നാണ് സൈന്യം വെടിയുതിർത്തതെന്നും കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ചണ്ഡീഗഡ്: പഞ്ചാബ് അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാകിസ്താനി നുഴഞ്ഞുകയറ്റക്കാരെ ബി.എസ്.എഫ് (അതിർത്തി രക്ഷാസേന) വെടിവെച്ചുകൊന്നു. പഞ്ചാബിലെ തരൺ ത രൺ അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെയാണ് അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ഇവരുടെ നീക്കം സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെട്ടത്.
അതിർത്തി കടന്നെത്തിയവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യൻ അതിർത്തിയിലേക്ക് മുന്നേറുകയായിരുന്നു. തുടർന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിലാണ് രണ്ടുപേരും കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. മൃതദേഹങ്ങൾ മേൽനടപടികൾക്കായി പഞ്ചാബ് പൊലീസിന് കൈമാറി. സംഭവസ്ഥലത്ത് ബി.എസ്.എഫും പഞ്ചാബ് പൊലീസും ചേർന്ന് തെരച്ചിലും അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ബി.എസ്.എഫും പാകിസ്താൻ റേഞ്ചേഴ്സും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരങ്ങൾ.




