നിങ്ങൾ എന്നെ വിശ്വസിക്കണം, പ്രതിപക്ഷത്തിനു വഴിമാറിക്കൊടുക്കേണ്ടിവരുമെന്ന് ഷായും മോദിയും പറഞ്ഞു: രാഹുൽ ഗാന്ധി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ചൊവ്വാഴ്ച നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിൽ തന്നെയും തന്റെ പ്രവർത്തന ശൈലിയെയും വിശ്വസിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും "ഞങ്ങൾ പോകുമ്പോൾ നിങ്ങൾ വരും എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ, നിങ്ങളും എന്നെ വിശ്വസിക്കണം" എന്ന് രാഹുൽ ഗാന്ധി പാർട്ടി നേതാക്കളോട് പറഞ്ഞതായാണ് റിപ്പോർട്ടിൽ പറയുന്നത്
ന്യൂഡൽഹി: പ്രവർത്തനശൈലിയെ ചൊല്ലിയുള്ള പാർട്ടിയിലെ അതൃപ്തികൾക്കിടെ, തന്നിൽ വിശ്വാസമർപ്പിക്കാൻ മുതിർന്ന നേതാക്കളോട് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൊവ്വാഴ്ച ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിലാണ് രാഹുലിന്റെ വൈകാരികമായ പ്രതികരണം. അധികാരം ഒടുവിൽ പ്രതിപക്ഷത്തിന് തന്നെ കൈമാറേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സമ്മതിച്ചിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ പാർട്ടി നേതാക്കൾ തന്റെ വഴിയിൽ വിശ്വസിച്ച് ഒപ്പം നിൽക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
തന്നെയും അമിത് ഷായെയും കണ്ട് സംസാരിച്ച വേളയിൽ "ഞങ്ങൾ ഇറങ്ങുമ്പോൾ പകരം വരാൻ പോകുന്നത് നിങ്ങളാണ്" എന്ന് ഇരുനേതാക്കളും നേരിട്ട് പറഞ്ഞതായി രാഹുൽ സിഡബ്ല്യുസി യോഗത്തിൽ വ്യക്തമാക്കി. രാഹുലിന്റെ സമരരീതികളിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കടുത്ത നിലപാടുകളിലും ചില മുതിർന്ന നേതാക്കൾ സംശയം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ തുറന്നുപറച്ചിൽ.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പോരാട്ടത്തിൽ തരിമ്പും പിന്നോട്ടില്ലെന്ന് രാഹുൽ വ്യക്തമാക്കി. പ്രതിഷേധം ശക്തമാകുന്നതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പടിയിറങ്ങേണ്ടി വരും. ഇനി അതുണ്ടായില്ലെങ്കിൽ പോലും സമരം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകും.
ഗ്യാനേഷ് കുമാറിന്റെ രാജിക്കൊപ്പം എസ്‌ഐആർ നടപടികൾ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്തുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജി വെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




