അനികയ്ക്ക് സർപ്രൈസൊരുക്കി കമ്പനി, ആദ്യമായി പറത്തുന്ന വിമാനത്തിൽ യാത്രക്കാരായി അച്ഛനുമമ്മയും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കൊമേഴ്സ്യൽ പൈലറ്റായുള്ള ആദ്യ ഫ്ലൈറ്റിൽ അനികയ്ക്ക് സർപ്രൈസായി അച്ഛനെയും അമ്മയെയും യാത്രക്കാരാക്കി Fly91 എയർലൈൻസ്. ഇതിന്റെ തുടർച്ചയായി, ഇനി മുതൽ എല്ലാ പുതിയ പൈലറ്റുമാരുടെയും ആദ്യ സർവീസിൽ അവരുടെ പ്രിയപ്പെട്ടവരെ സൗജന്യമായി യാത്രക്കാരാക്കുന്ന പുതിയ പാരമ്പര്യത്തിനും കമ്പനി തുടക്കമിട്ടു.
കൊച്ചി: കൊമേഴ്സ്യൽ പൈലറ്റായ മകൾ ആദ്യമായി വിമാനം നിയന്ത്രിക്കുന്ന ഫ്ലൈറ്റിൽ യാത്രക്കാരായി അച്ഛനും അമ്മയും. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീജിയണൽ എയർലൈൻസായ 'Fly91' ആണ് തങ്ങളുടെ ജൂനിയർ ഫസ്റ്റ് ഓഫീസറായ അനികയ്ക്ക് കരിയറിലെ ഏറ്റവും വലിയ സമ്മാനമൊരുക്കിയത്. അനിക അറിയാതെയായിരുന്നു മാതാപിതാക്കളെ ഈ വിമാനത്തിൽ യാത്രക്കാരായി എത്തിച്ചത്. കോക്ക്പിറ്റിലേക്ക് കയറവേ അച്ഛനെയും അമ്മയെയും യാത്രക്കാരുടെ നിരയിൽ കണ്ട അനികയുടെ സന്തോഷം അതിരുകളില്ലാത്തതായിരുന്നു. അനികയെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്ത ആ യാത്ര, മാതാപിതാക്കൾക്കും വലിയ അഭിമാന നിമിഷമായി മാറി.
എന്താണ് 'റിലീസ്ഡ് പൈലറ്റ്'?
ഒരു എയർലൈനിൽ പൈലറ്റാകാൻ കഠിനമായ പരിശീലനങ്ങളാണ് പൂർത്തിയാക്കേണ്ടത്. സിമുലേറ്റർ സെഷനുകൾ, ടേക്ക്-ഓഫുകളും ലാൻഡിംഗുകളും ഉൾപ്പെടുന്ന ബേസ് ചെക്കുകൾ, ട്രെയിനറുടെ മേൽനോട്ടത്തിലുള്ള ഫ്ലൈറ്റുകൾ തുടങ്ങി എല്ലാ നിബന്ധനകളും വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് ഔദ്യോഗികമായി കൊമേഴ്സ്യൽ റൂട്ടുകളിൽ പറക്കാൻ അനുമതി ലഭിച്ച 'റിലീസ്ഡ് പൈലറ്റ്' എന്ന് വിശേഷിപ്പിക്കുന്നത്. ഈ അംഗീകാരം ലഭിച്ച് ആദ്യമായി കൊമേഴ്സ്യൽ വിമാനം പറത്തുന്ന വേളയിലാണ് അനികയ്ക്ക് കമ്പനി ഈ മനോഹരമായ സർപ്രൈസ് ഒരുക്കിയത്.
പുതിയൊരു പാരമ്പര്യത്തിന് തുടക്കം കുറിച്ചു Fly91
ഈ സംഭവത്തിന് പിന്നാലെ പുതിയൊരു ആശയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് Fly91 എയർലൈൻസ്. ഇനി മുതൽ തങ്ങളുടെ പുതിയ പൈലറ്റുമാരുടെ ആദ്യ സർവീസുകളിൽ അവരുടെ പ്രിയപ്പെട്ടവരെയും യാത്രക്കാരായി ഉൾപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം.
ഇതുസംബന്ധിച്ച് Fly91 തങ്ങളുടെ എക്സ് (ട്വിറ്റർ) പോസ്റ്റിൽ കുറിച്ചതിങ്ങനെ:
സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം വൈറലായ ഈ വാർത്തയ്ക്ക് താഴെ നിരവധി പേരാണ് അനികയ്ക്കും എയർലൈൻസിനും അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്.
"അനികയെ സംബന്ധിച്ച് അതൊരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു; അവളുടെ മാതാപിതാക്കൾക്ക് അതൊരു അഭിമാന നിമിഷവും. ഒപ്പം FLY91 ആയ ഞങ്ങൾക്ക്, പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഞങ്ങളുടെ പൈലറ്റുമാരെ അവരുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം കൊണ്ട് അദ്ഭുതപ്പെടുത്തുന്ന ഒരു പുതിയ പാരമ്പര്യത്തിന്റെ തുടക്കവുമാണിത്. കാരണം, ഓരോ പൈലറ്റിന്റെയും വിജയത്തിന് പിന്നിൽ ടേക്ക്-ഓഫിന് മുമ്പേ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടെയുണ്ടായിരുന്ന ചില മനുഷ്യരുണ്ട്."




