ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ പ്രശംസിച്ച് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി; ഫ്ലൈ ദുബായ് സംഭവത്തിൽ അന്വേഷണവിവരം ഔദ്യോഗികമായി പങ്കുവെയ്ക്കും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ കത്തിക്കുത്ത് ചെറുക്കുകയും യാത്രക്കാരുടെ സഹായത്തോടെ അക്രമിയെ കീഴടക്കാൻ കോക്പിറ്റ് വാതിൽ തുറന്നുനൽകുകയും ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രശംസിച്ചു. അക്രമത്തിൽ പരിക്കേറ്റ ക്യാപ്റ്റന്റെ സമയോചിത ഇടപെടലിന് ശേഷം, വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ വിമാനം സൗദിയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി.
ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന്റെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ച് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി. ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമസംഭവത്തിന്റെ ഔദ്യോഗിക അന്വേഷണ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അതോറിറ്റി അറിയിച്ചു.
നിലവിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ലെന്നും അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ വിവരങ്ങൾ വെളിപ്പെടുത്തുന്നത് നടപടികളെ ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റിലാണ് സംഭവം. സഹപൈലറ്റ് വിമാനത്തിന്റെ ക്യാപ്റ്റനായ സ്മിത് മച്ചാറിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ക്രൂരമായ ആക്രമണം നേരിട്ടിട്ടും ധീരമായി ചെറുത്തുനിന്ന സ്മിത് മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറന്നുനൽകി. തുടർന്ന് യാത്രക്കാർ ഇടപെട്ട് അക്രമിയെ കീഴടക്കുകയായിരുന്നു.
തുടർന്ന് വിമാനത്തിലുണ്ടായിരുന്ന, അവധിയിലായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.




