എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; തമിഴ്നാട്ടിൽ 'വെട്രി പയണം' ഉദ്ഘാടനം ചെയ്ത് വിജയ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തമിഴ്നാട്ടിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര 'വെട്രി പയണം' എന്ന പേരിൽ എക്സ്പ്രസ്, ഡീലക്സ് ബസുകളിലേക്ക് കൂടി വിപുലീകരിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. പ്രതിവർഷം 6,000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ 69 ശതമാനം സർക്കാർ ബസുകളിലും ഇനി 84.32 ലക്ഷം സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.
ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര കൂടുതൽ സർവീസുകളിലേക്ക് വിപുലീകരിച്ചു. 'വെട്രി പയണം തിട്ടം' എന്ന പേരിൽ പരിഷ്കരിച്ച പദ്ധതി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. ചെന്നൈ കോയമ്പേടിൽ നടന്ന ചടങ്ങിലാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്.
പുതിയ മാറ്റത്തോടെ എക്സ്പ്രസ്, ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, മൊഫ്യൂസിൽ സർവീസുകളിലും ഇനി സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാം. യാത്രാ ദൂരത്തിനോ വരുമാനത്തിനോ പരിധി നിശ്ചയിച്ചിട്ടില്ല. സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനു കീഴിലുള്ള ആകെ 18,413 ബസുകളിൽ 12,695 ബസുകളിലും (69 ശതമാനം) പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രതിദിനം 84.32 ലക്ഷത്തോളം സ്ത്രീകൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന ചെങ്ങൽപട്ട്, തിരുപ്പൂർ ഒഴികെയുള്ള ജില്ലകളിൽ വെള്ളിയാഴ്ച മുതൽ പദ്ധതി പ്രാബല്യത്തിൽ വന്നു. വിപുലീകരിച്ച ക്ഷേമപദ്ധതിയിലൂടെ പ്രതിവർഷം 6,000 കോടി രൂപയുടെ ബാധ്യതയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സ്ത്രീകളുടെ സാമൂഹിക പുരോഗതിയും പൊതുഗതാഗത ഉപയോഗവും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കി.




