'അവനെ അയച്ചവർ ആരായാലും വലിയ വില നൽകേണ്ടിവരും'; കടുത്ത മുന്നറിയിപ്പുമായി നെതന്യാഹു, ആക്രമണത്തിൽ അന്വേഷണം തുടരുന്നതായി ഇസ്രായേൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ആക്രമണത്തിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. അക്രമിയെ അയച്ചവർ ആരായാലും വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമ സംഭവത്തിൽ ഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അക്രമിയെ അയച്ചവർ ആരായാലും വലിയ വില നൽകേണ്ടിവരുമെന്ന് നെതന്യാഹു പറഞ്ഞു. സംഭവത്തിൽ ഇസ്രായേൽ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൈലറ്റായ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിച്ച് വിമാനം തകർക്കാൻ സഹപൈലറ്റ് ശ്രമിച്ചതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതികരണം.
ആക്രമണം നടത്തിയ വ്യക്തി ഇസ്ലാമിക തീവ്രവാദത്തിന് ഇരയായിരുന്നുവെന്നും യാത്രക്കാരുമായി വിമാനം തകർക്കുകയായിരുന്നു ലക്ഷ്യമെന്നും നെതന്യാഹു ആരോപിച്ചു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അക്രമിയെ ചോദ്യംചെയ്യുന്നതിൽ ഇസ്രായേലി അന്വേഷണ ഉദ്യോഗസ്ഥരും പങ്കാളികളാണെന്നും പ്രാഥമിക പരിശോധനയിൽ അക്രമിക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായി സൂചന ലഭിച്ചതായും നെതന്യാഹു അവകാശപ്പെട്ടു.
ബുധനാഴ്ച 174 യാത്രക്കാരുമായി ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് FZ1073 വിമാനത്തിലാണ് സംഭവം. ഇന്ത്യക്കാരനായ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് സഹപൈലറ്റിന്റെ കുത്തേറ്റെങ്കിലും, കോക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. 14,000 അടി താഴ്ചയിലേക്ക് പതിച്ച വിമാനത്തിന്റെ നിയന്ത്രണം വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ ചേർന്ന് ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു.
അതേസമയം, സംഭവത്തിന് പിന്നിൽ പുറത്തുനിന്നുള്ള ഇടപെടലുണ്ടോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിൽ യുഎഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




