കാൻസർ മരുന്നുകളുടെ വില 70%-ത്തോളം കുറയും; നിർണായക തീരുമാനമെടുത്ത് കേന്ദ്രസർക്കാർ; നടപടി സുപ്രീം കോടതി നിർദേശപ്രകാരം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ 30% ആയി പരിമിതപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോടെ മരുന്നുവിലയിൽ 70% വരെ കുറവുണ്ടാകും. സുപ്രീം കോടതി നിർദേശപ്രകാരമുള്ള ഈ നടപടി രാജ്യത്തെ രോഗികൾക്ക് പ്രതിവർഷം 2,500 കോടി രൂപയുടെ ആശ്വാസമേകും.
ന്യൂഡൽഹി: രാജ്യത്തെ കാൻസർ രോഗികൾക്ക് വൻ ആശ്വാസമേകി കാൻസർ പ്രതിരോധ മരുന്നുകളുടെ വില കുത്തനെ കുറയും. നാഷണൽ എസൻഷ്യൽ മെഡിസിൻ ലിസ്റ്റിൽ (NLEM) ഉൾപ്പെടാത്ത സ്വകാര്യ, ജനറിക്, ബ്രാൻഡഡ്, ഇറക്കുമതി ചെയ്യുന്ന മുഴുവൻ കാൻസർ മരുന്നുകളുടെയും ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെയും നിർദേശത്തെയും തുടർന്നാണ് കേന്ദ്ര സർക്കാറിന്റെ നിർണായക നടപടി.
പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ വിപണിയിലെ കാൻസർ മരുന്നുകളുടെ വിൽപന വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകും. ഇതിലൂടെ രാജ്യത്തെ കാൻസർ രോഗികൾക്ക് പ്രതിവർഷം 2,500 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിർമാതാക്കൾ വിതരണക്കാർക്കും റീട്ടെയിലർമാർക്കും നൽകുന്ന വിലയും (Price to Retailer), ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന പരമാവധി വിൽപന വിലയും (MRP) തമ്മിലുള്ള ഭീമമായ വ്യത്യാസം ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കം.
കാൻസർ ചികിത്സാ മരുന്നുകളുടെ അമിതവിലയും വിതരണക്കാരുടെ ഭീമമായ ലാഭവിഹിതവും നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു. 35 പേറ്റന്റ് മരുന്നുകൾ ഉൾപ്പെടെ 110-ലധികം പ്രമുഖ കാൻസർ പ്രതിരോധ മരുന്നുകളെ ഉത്തരവ് നേരിട്ട് ബാധിക്കും.
നേരത്തെ, അവശ്യമരുന്നുകളുടെ പട്ടികയിലുള്ള (NLEM) 131 കാൻസർ മരുന്നുകൾക്ക് മാത്രമായിരുന്നു നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (NPPA) വിലനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ ഉത്തരവിലൂടെ പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകൾക്കും നിയന്ത്രണം ബാധകമാകും. ഇതോടെ ആശുപത്രികളും വിതരണക്കാരും ഈടാക്കിയിരുന്ന ഭീമമായ ലാഭവിഹിതം ഇല്ലാതാവുകയും സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ മരുന്നുകൾ ലഭ്യമാവുകയും ചെയ്യും.




