ഈ ഭക്ഷണങ്ങൾ വൻകുടൽ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപയോഗത്തിൽ ഉണ്ടാകുന്ന ഓരോ 10% വർധനവും വൻകുടൽ ക്യാൻസർ സാധ്യത 4% ഉയർത്തുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു; അതിനാൽ പാക്കറ്റ് ലഘുഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ഇൻസ്റ്റന്റ് നൂഡിൽസ് എന്നിവയുടെ ഉപഭോഗം പരമാവധി കുറയ്ക്കുക.
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ (UPF) അമിത ഉപഭോഗം വൻകുടൽ-മലാശയ ക്യാൻസറിനുള്ള (കൊളോറെക്റ്റൽ ക്യാൻസർ) സാധ്യത ഗണ്യമായി വർധിപ്പിക്കുന്നതായി കണ്ടെത്തൽ. 'ദി ബി.എം.ജെ' (The BMJ), 'ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രിഷൻ' (Frontiers in Nutrition) എന്നീ പ്രമുഖ മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനങ്ങളിലാണ് ഇതേക്കുറിച്ചുള്ള മുന്നറിയിപ്പുള്ളത്.
ദൈനംദിന ഭക്ഷണക്രമത്തിൽ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ അളവിൽ ഉണ്ടാകുന്ന ഓരോ 10 ശതമാനം വർധനവും വൻകുടൽ ക്യാൻസർ സാധ്യത നാല് ശതമാനം ഉയർത്തുന്നതായി ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. സ്വാഭാവിക പോഷകങ്ങൾ നഷ്ടപ്പെട്ടതും കലോറി ഉയർന്നതുമായ ഇത്തരം ഭക്ഷണങ്ങൾ അമിതവണ്ണം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകുന്നുണ്ട്.
പഞ്ചസാര, ഉപ്പ്, ഹാനികരമായ കൊഴുപ്പുകൾ, രാസവസ്തുക്കൾ എന്നിവ ഉയർന്ന അളവിലും നാരുകൾ (fiber) വളരെ കുറഞ്ഞ അളവിലുമാണ് ഇത്തരം ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്നത്. കുടലിന്റെ സ്വാഭാവിക പ്രവർത്തനത്തെ തരാറിലാക്കുന്നതാണ് നാരുകളുടെ ഈ കുറവ്.
ഒഴിവാക്കേണ്ട പ്രധാന അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ:
ഇൻസ്റ്റന്റ് നൂഡിൽസ്, പാക്കറ്റ് ചിപ്സ്, ലഘുഭക്ഷണങ്ങൾ
ബിസ്കറ്റുകൾ, ചോക്ലേറ്റുകൾ, കേക്കുകൾ
സോഫ്റ്റ് ഡ്രിങ്കുകൾ, പഞ്ചസാര ചേർത്ത കൃത്രിമ ജ്യൂസുകൾ
ഇൻസ്റ്റന്റ് സൂപ്പുകൾ, ഫ്രോസൻ ഫുഡുകൾ
ചീസ് സ്ലൈസുകൾ, സപ്രെഡുകൾ
അടുത്തിടെ പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. വർത്തിക വിശ്വാനിയും ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ഇത്തരം ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം കുറച്ച് പോഷകസമ്പന്നമായ സ്വാഭാവിക ഭക്ഷണങ്ങൾ ശീലമാക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.




