അവറാച്ചനും കുടുംബവും ഇനി പ്രേക്ഷകരിലേക്ക് " : ബിജു മേനോന്റെ ഫാമിലി എന്റെർറ്റൈനർ അവറാച്ചൻ ആൻഡ് സൺസിന്റെ ബുക്കിങ് ആരംഭിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

അവറാച്ചൻ ആൻഡ് സണ്‍സ് തിയറ്ററുകളിലേക്ക്.
കൊച്ചി: കുടുംബ പ്രേക്ഷകർക്ക് നർമ്മത്തിലും വൈകാരികതയിലും പൊതിഞ്ഞ ദൃശ്യവിരുന്ന് സമ്മാനിക്കാൻ ബിജു മേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' നാളെ മുതൽ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു.
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ തമ്പിയാണ് സംവിധാനം ചെയ്യുന്നത്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ടീസറും ട്രെയിലറും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രൊമോഷന്റെ ഭാഗമായി മാജിക് ഫ്രെയിംസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിൽ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് വൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാതാവും സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. സനൽ ദേവാണ് സംഗീത സംവിധാനം.




