പൃഥ്വിരാജ് ചിത്രം 'ഖലീഫ'യിലെ 'അസലായവളെ' എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്; സംഗീതം ജേക്സ് ബിജോയ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ഖലീഫ മികച്ച പ്രേക്ഷക പ്രതികരണത്തോടെ ആഗോളതലത്തിൽ 50 കോടി രൂപയുടെ കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രത്തിലെ അസലായവളെ എന്ന ഗാനത്തിന്റെ പുതിയ വീഡിയോ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.
കൊച്ചി: വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിലെത്തിയ 'ഖലീഫ' ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം ആഗോളതലത്തിൽ 50 കോടി രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്. ഇതിനിടെ ചിത്രത്തിലെ 'അസലായവളെ' എന്ന ഗാനത്തിന്റെ പുതിയൊരു പതിപ്പിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവ്വഹിച്ച ഗാനം ആലാപിച്ചിരിക്കുന്നത് ഹനാൻ ഷായും ഫാത്തിമ ജബ്ബാറും ചേർന്നാണ്.
ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാം, സൂരജ് കുമാർ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമ്മാതാക്കൾ. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 14.5 കോടി രൂപയുടെ ഗംഭീര ഓപ്പണിംഗ് നേടിയ ചിത്രം കേരളത്തിലും വിദേശത്തും നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്.
മാമ്പറക്കൽ ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വിരാജ് നടത്തുന്ന മാസ്സ് ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മോഹൻലാൽ (മാമ്പറക്കൽ അഹമ്മദ് അലി), ടോവിനോ തോമസ് (ഐവർ അലക്സാണ്ടർ) എന്നിവരുടെ അപ്രതീക്ഷിത അതിഥി വേഷങ്ങളും പ്രേക്ഷകരെ ആവേശത്തിലാക്കുന്നുണ്ട്.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അതേസമയം, ചിത്രത്തിന്റെ ഒന്നാം ഭാഗം റിലീസ് ചെയ്ത ദിവസം തന്നെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു. മോഹൻലാൽ നായകനാകുന്ന രണ്ടാം ഭാഗവും സ്വർണ്ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന.




