2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കുതിച്ചുയർന്ന് പച്ചക്കറി വില

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 05:05 AM
പങ്കുവെക്കുക:
കുതിച്ചുയർന്ന് പച്ചക്കറി വില
കുതിച്ചുയർന്ന് പച്ചക്കറി വിലകേരളപ്രഭാതം

അയൽസംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടർന്ന് വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. വെളുത്തുള്ളി, ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയ്ക്ക് വൻ വിലവർധനവ് നേരിട്ടതോടെ കുടുംബങ്ങളും ഹോട്ടൽ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്.

ആലപ്പുഴ: സംസ്ഥാനത്ത് പച്ചക്കറി വില ക്രമാതീതമായി ഉയർന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുന്നു. ബീൻസ്, പയർ, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ വൻ വിലവർധനവുണ്ടായത്. അയൽസംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും വിളവെടുപ്പിനെ സാരമായി ബാധിച്ചതാണ് കേരളത്തിലേക്കുള്ള വരവ് കുറയാനും വില കുതിച്ചുയരാനും കാരണമായതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.

വിപണിയിൽ വെളുത്തുള്ളി കിലോയ്ക്ക് 220 രൂപയിലെത്തി നിൽക്കുകയാണ്. പയറിന് 140 രൂപയും ബീൻസിന് 120 രൂപയും ചെറിയ ഉള്ളിക്ക് 100 രൂപയുമാണ് നിലവിലെ വില. പാവയ്ക്ക (80), നാടൻ പിടിപയർ (80), ബീറ്റ്‌റൂട്ട് (70), കാരറ്റ് (60), വെണ്ടയ്ക്ക (60), സവോള (58), വെള്ളരിക്ക (44) എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ ശരാശരി ചില്ലറ വിൽപ്പന വില.

പത്തു ദിവസം മുമ്പത്തെ അപേക്ഷിച്ച് ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയുടെ വിലയിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതും ഗതാഗത തടസ്സങ്ങളുമാണ് വിലക്കയറ്റത്തിന് വഴിവെച്ചത്.

വില കുത്തനെ ഉയർന്നതോടെ സാധാരണക്കാർ ആവശ്യത്തിന് മാത്രമായി വാങ്ങൽ ചുരുക്കിയിരിക്കുകയാണ്. ഹോട്ടലുകളുടെയും കാറ്ററിങ് സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെയും വിലവർധനവ് പ്രതികൂലമായി ബാധിച്ചു. വില ഇനിയും ഉയർന്നാൽ വിൽപ്പന തീർത്തും മന്ദഗതിയിലാകുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. അതേസമയം തക്കാളി (36 രൂപ), മത്തങ്ങ, കുമ്പളങ്ങ തുടങ്ങിയ ചില ഇനങ്ങൾക്ക് വിപണിയിൽ താരതമ്യേന കുറഞ്ഞ വിലയാണ് രേഖപ്പെടുത്തുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)