ഹോണ്ടയുടെ വമ്പൻ ഓഫറുകൾക്ക് പിന്നിലെ ആ രഹസ്യം എന്ത്?
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഉത്സവകാല വിപണി സജീവമാക്കാൻ പ്രമുഖ മോഡലുകൾക്ക് 2.34 ലക്ഷം രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ഹോണ്ട കാർസ് ഇന്ത്യ. ഒപ്പം, പുതിയ മാറ്റങ്ങളോടെയും പനോരമിക് സൺറൂഫ് അടക്കമുള്ള ഫീച്ചറുകളോടെയും എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ന് വിപണിയിലെത്തും.
ഉത്സവകാല വിപണി ലക്ഷ്യമിട്ട് വാഹ നനിരയിൽ വമ്പൻ വിലക്കിഴിവുകളും ആനുകൂല്യങ്ങളുമായി ഹോണ്ട കാർസ് ഇന്ത്യ. ജനപ്രിയ മോഡലുകളായ എലിവേറ്റ്, സിറ്റി, അമേസ് എന്നിവക്ക് പരമാവധി 2.34 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചത്. അതേസമയം, ഓഫർ പെരുമഴക്ക് പിന്നാലെ പുതിയ മാറ്റങ്ങളോടെയുള്ള ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഒക്ടോബർ ആറിന് വിപണിയിലെത്തും.
ഒക്ടോബറിലെ പ്രധാന ഓഫറുകൾ:
ഹോണ്ട എലിവേറ്റ്: പരമാവധി 2.34 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ (2026 ഒക്ടോബർ വരെ ലഭ്യമാണ്).
ഹോണ്ട സിറ്റി: 1.70 ലക്ഷം രൂപ വരെ.
പുതിയ ഹോണ്ട അമേസ്: 66,800 രൂപ വരെ.
രണ്ടാം തലമുറ അമേസ്: 57,600 രൂപ വരെ.
എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ്: മാറ്റങ്ങളും ഫീച്ചറുകളും പുതുക്കിയ എലിവേറ്റിനായുള്ള ബുക്കിങ് 21,000 രൂപ നിരക്കിൽ ആരംഭിച്ചിട്ടുണ്ട്. ഡാഷ്‌ബോർഡിലും പുറംമോടിയിലും കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുന്നത്.
ഡിസൈൻ: തിളക്കമുള്ള ഷഡ്ഭുജ (Hexagonal) ഗ്രിൽ, ഹോണ്ട സിറ്റി മാതൃകയിലുള്ള വിഭജിച്ച എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ, കണക്റ്റഡ് എൽ.ഇ.ഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് പ്രധാന ആകർഷണം.
അകത്തളം: ആംബർ നിറത്തിലുള്ള ആംബിയന്റ് ലൈറ്റിങ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, പിൻ വിൻഡോ സൺബ്ലൈൻഡുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ കോ-പാസഞ്ചർ സീറ്റ് എന്നിവ പ്രതീക്ഷിക്കുന്നു.
എൻജിൻ: നിലവിലെ 1.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എൻജിൻ (121 ബി.എച്ച്.പി കരുത്ത്, 145 എൻ.എം ടോർക്ക്) മാറ്റമില്ലാതെ തുടരും. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് സി.വി.ടി ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭ്യമാണ്.
കടുത്ത മത്സരം മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിൽ കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ സിയറ, മാരുതി വിക്ടോറിസ്, സ്കോഡ കുഷാക്ക് തുടങ്ങിയ മോഡലുകളോടാണ് എലിവേറ്റ് ഏറ്റുമുട്ടുന്നത്. നിലവിൽ 11.81 ലക്ഷം മുതൽ 16.36 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വിലയുള്ള എലിവേറ്റിന്റെ പുതിയ പതിപ്പിന് ചെറിയ വിലവർധന പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനും ഉത്സവകാലത്ത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുമാണ് കമ്പനി വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.




