ഐപിഒയ്ക്ക് പിന്നാലെ ജീവനക്കാർക്ക് വൻ നേട്ടം; പണമായും ഓഹരിയായും ജീവനക്കാർക്ക് ലഭിക്കുക 96 ലക്ഷം രൂപ വരെ!
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

എഐ അധിഷ്ഠിത ഡാറ്റാ സെന്റർ രംഗത്തെ മുന്നേറ്റത്തെത്തുടർന്ന് ജീവനക്കാർക്ക് 96 ലക്ഷം രൂപ വരെ ബോണസ് പ്രഖ്യാപിച്ച് ആക്‌സലറേഷൻ ഹോൾഡിങ്സ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ഡാറ്റാ സെന്റർ മേഖലയിലുണ്ടായ അഭൂതപൂർവമായ വളർച്ചയ്ക്ക് പിന്നാലെ ജീവനക്കാർക്ക് വൻ സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിച്ച് പ്രമുഖ ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ 'ആക്‌സലറേഷൻ ഹോൾഡിങ്സ്'. കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) പിന്നാലെ ഓരോ ജീവനക്കാരനും കുറഞ്ഞത് 100,000 ഡോളർ (ഏകദേശം 96 ലക്ഷം രൂപ) വീതം ബോണസായി ലഭിക്കും. അടുത്ത രണ്ട് വർഷത്തിനിടയിലാണ് ഈ തുക വിതരണം ചെയ്യുക.
പണമായും ആക്‌സലറേഷൻ കമ്പനിയുടെ ഓഹരികളായും വിരമിക്കൽ സമ്പാദ്യത്തിലേക്കുള്ള വിഹിതവുമായാണ് ജീവനക്കാർക്ക് തുക കൈമാറുന്നത്. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഒളിമ്പസ് പാർട്ണേഴ്സ് തങ്ങളുടെ കൈവശമുള്ള ഓഹരികൾ വിറ്റഴിക്കുന്നതിന് അനുസരിച്ച് അഞ്ച് അല്ലെങ്കിൽ ആറ് ഘട്ടങ്ങളായായിരിക്കും ഈ ആനുകൂല്യം ജീവനക്കാരുടെ കൈകളിലെത്തുക. ജീവനക്കാരെ കമ്പനിയിൽ ഉറപ്പിച്ചുനിർത്തുക കൂടിയാണ് ഈ നീക്കത്തിന് പിന്നിൽ.
വരുമാനത്തിൽ വൻ കുതിച്ചുചാട്ടം
ഡാറ്റാ സെന്ററുകൾക്കാവശ്യമായ പവർ വിതരണ സംവിധാനങ്ങൾ, കൂളിങ് ഉപകരണങ്ങൾ തുടങ്ങിയവ നിർമിക്കുകയും ഇൻസ്റ്റലേഷൻ സേവനങ്ങൾ നൽകുകയും ചെയ്യുന്ന കമ്പനിയാണ് ആക്‌സലറേഷൻ ഹോൾഡിങ്സ്. 2017-ൽ മൈക്കൽ റുബിയേര, ഷോൺ റുബിയേര എന്നിവർ ചേർന്ന് തുടക്കം കുറിച്ച കമ്പനിക്ക് നിലവിൽ 1,700-ലധികം ജീവനക്കാരുണ്ട്.
2021-ൽ മൂന്ന് മില്യൺ ഡോളറിൽ താഴെയായിരുന്ന കമ്പനിയുടെ വരുമാനം 2025 ആയപ്പോഴേക്കും 447.8 മില്യൺ ഡോളറായി ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കമ്പനിയുടെ നിർമാണ സൗകര്യങ്ങൾ 20,000 ചതുരശ്ര അടിയിൽ നിന്ന് 1.1 ദശലക്ഷം ചതുരശ്ര അടിയായും വികസിച്ചു.
ഐപിഒ വഴി 540 മില്യൺ ഡോളർ സമാഹരിച്ചു
ഒരു ഓഹരിക്ക് 18 ഡോളർ നിരക്കിൽ 30 മില്യൺ ഓഹരികൾ വിറ്റഴിച്ചാണ് ഐപിഒയിലൂടെ കമ്പനി 540 മില്യൺ ഡോളർ സമാഹരിച്ചത്. 'ACCV' എന്ന ടിക്കർ ചിഹ്നത്തിൽ സെപ്റ്റംബർ 30-ന് നാസ്ഡാക്കിൽ (Nasdaq) ലിസ്റ്റ് ചെയ്ത ഓഹരികളുടെ ആദ്യ വ്യാപാരം 17.55 ഡോളറിലാണ് ആരംഭിച്ചത്. ലിസ്റ്റിങ്ങിന് പിന്നാലെ കമ്പനിയുടെ വിപണി മൂല്യം 3.9 ബില്യൺ ഡോളറായി ഉയർന്നു.
ലോകമെമ്പാടും എഐ അധിഷ്ഠിത സേവനങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ ഡാറ്റാ സെന്ററുകളുടെ ശേഷി വർധിപ്പിക്കാനുള്ള നിക്ഷേപങ്ങൾ വലിയ തോതിൽ ഉയർന്നതാണ് ആക്‌സലറേഷൻ ഹോൾഡിങ്സിന്റെ ഈ വൻ മുന്നേറ്റത്തിന് കാരണമായത്.




