നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി സംഘം, ഇടപെട്ട് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ്.ഐ പ്രദീപ് അടക്കം 36 അംഗ മലയാളി വിനോദസഞ്ചാരികൾ ദുരന്തമേഖലയിൽ കുടുങ്ങി. കനത്ത നാശനഷ്ടം നേരിട്ട പ്രദേശത്താണ് സംഘമെങ്കിലും നിലവിൽ ഇവർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. പ്രളയത്തിൽ അകപ്പെട്ട മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും വിവരങ്ങൾ ശേഖരിക്കാനുമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയ സംസ്ഥാന സർക്കാർ, വിദേശകാര്യ മന്ത്രാലയം വഴി അടിയന്തര ഇടപെടലുകൾ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനിടെ, കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി നേപ്പാൾ ഭരണകൂടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയും പ്രളയബാധിതരായ ഇന്ത്യക്കാർക്കായി +977 985 131 6807, +977 970 910 7500 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
ദുരന്തത്തിൽ ഇതുവരെ 22 പേർ മരണപ്പെടുകയും 105 ഇന്ത്യക്കാരും 32 പൊലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെടെ 384 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരന്തമേഖലയിലെ ടൂറിസ്റ്റുകളുമായി നിലവിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കി. ചൈനീസ് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലാണ് പ്രളയം കൂടുതൽ നാശം വിതച്ചത്; ഗ്രാമങ്ങളും വിപണികളും ഒലിച്ചുപോവുകയും ഗതാഗതബന്ധം പൂർണ്ണമായി തകരുകയും ചെയ്തതിനൊപ്പം ആറ് ജലവൈദ്യുത നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നിലവിൽ ദുരന്തനിവാരണ സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്നും 12 പേരെ ഹെലികോപ്റ്ററിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
