ആ കാര്യം സാധ്യമായിട്ടില്ലെങ്കില് സൂര്യവംശിക്ക് ടെസ്റ്റ് ക്രിക്കറ്ററാകാന് കഴിയില്ല; ഇതിഹാസത്തിന്റെ നിരീക്ഷണം ഇങ്ങനെ

ന്യൂഡൽഹി: വൈറ്റ് ബോൾ ക്രിക്കറ്റിലെ റൺവേട്ടക്കാരൻ വൈഭവ് സൂര്യവംശി ടെസ്റ്റ് ക്രിക്കറ്റിലും തിളങ്ങണമെങ്കിൽ റെഡ് ബോൾ ടൂർണമെന്റുകളിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടിവരുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മെന്ററുമായ രാഹുൽ ദ്രാവിഡ്. ദേശീയ ടീമിനായുള്ള തിരക്കുകൾക്കിടയിൽ ആഭ്യന്തര റെഡ് ബോൾ ക്രിക്കറ്റിൽ രണ്ട് മുഴുവൻ സീസണുകൾ പൂർത്തിയാക്കാൻ വൈഭവിന് സാധിച്ചില്ലെങ്കിൽ ടെസ്റ്റ് ടീമിലേക്കുള്ള വഴി സങ്കീർണ്ണമാകുമെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി.
ടി20 മത്സരങ്ങളിൽ 189.21 സ്ട്രൈക്ക് റേറ്റിൽ 193 റൺസ് അടിച്ചുകൂട്ടിയ പതിനഞ്ചുകാരനായ വൈഭവ് ചുരുങ്ങിയ കാലം കൊണ്ടാണ് ശ്രദ്ധേയനായത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഒരു ക്രിക്കറ്ററായി മാറാൻ റെഡ് ബോൾ ഫോർമാറ്റിലും മികവ് തെളിയിക്കേണ്ടതുണ്ടെന്ന് ദ്രാവിഡ് ഓർമ്മിപ്പിച്ചു.
നിലവിൽ ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനായാണ് വൈഭവ് കളിക്കുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ എട്ട് റൺസെടുത്ത് പുറത്താകാനായിരുന്നു യോഗം. ജുലൈയിൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ സീനിയർ ടീമിൽ അരങ്ങേറിയെങ്കിലും മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരം പ്രയാസപ്പെട്ടിരുന്നു.
“വൈഭവിന്റെ കാര്യത്തിൽ നമ്മൾ ക്ഷമ പാലിക്കേണ്ടതുണ്ട്. അവന് ഇപ്പോൾ 15 വയസ്സ് മാത്രമാണ് പ്രായം. ഇന്ത്യക്കായി വൈറ്റ് ബോൾ ഫോർമാറ്റിൽ സജീവമായി കളിക്കുമ്പോൾ ആഭ്യന്തര റെഡ് ബോൾ ടൂർണമെന്റുകളിൽ രണ്ട് മുഴുവൻ സീസൺ കളിക്കാനുള്ള സമയം അവന് ലഭിക്കുമോ എന്ന് സംശയമാണ്. അവന്റെ കഴിവിൽ പൂർണ്ണ വിശ്വാസമുണ്ട്, എങ്കിലും ടെസ്റ്റ് ടീമിലെത്തുക എന്നത് അത്ര എളുപ്പമല്ല,” – ദ്രാവിഡ് പറഞ്ഞു. രാജസ്ഥാൻ റോയൽസ് പരിശീലകനായിരുന്ന കാലം മുതൽ വൈഭവിന്റെ വളർച്ച അടുത്തറിഞ്ഞ വ്യക്തി കൂടിയാണ് രാഹുൽ ദ്രാവിഡ്.
