മിസൈൽ സാങ്കേതികവിദ്യ ഇന്ത്യൻ കമ്പനികൾക്ക് കൈമാറുന്നതിന് അനുമതി: പ്രതിരോധ ഉൽപ്പാദനത്തിൽ വൻ കുതിപ്പ്

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ഡിആർഡിഒ വികസിപ്പിച്ചെടുത്ത എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ആഭ്യന്തര കമ്പനികൾക്ക് കൈമാറാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അംഗീകാരം നൽകിയ ഈ സുപ്രധാന തീരുമാനത്തോടെ സ്വദേശി മിസൈൽ നിർമ്മാണം വേഗത്തിലാക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME) ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്ക് പ്രതിരോധ വിതരണ ശൃംഖലയിൽ സജീവമായി പങ്കാളികളാകാൻ ഇതിലൂടെ അവസരമൊരുങ്ങും. ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ബഹിരാകാശ-മിസൈൽ ശേഷി അതിവേഗം വർദ്ധിപ്പിക്കുന്നുവെന്ന സെന്റർ ഫോർ എയ്റോസ്പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ പഠനങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അയൽരാജ്യങ്ങളുടെ ഭീഷണി ചെറുക്കാൻ ഇന്ത്യ ഈ നിർണായക നീക്കം നടത്തിയത്.
