വ്യാജ രേഖയും വ്യാജ കണക്കും, പ്രധാനാധ്യാപകർ ഉൾപ്പെടെ കുടുങ്ങും; തസ്തിക നിലനിര്‍ത്താന്‍ തട്ടിപ്പ് നടത്തിയത് കണ്ണൂരിലെ 16 സ്കൂളുകൾ

കണ്ണൂർ: എയ്ഡഡ് സ്കൂളുകളിൽ തസ്തിക നിലനിർത്തുന്നതിനായി വിദ്യാർഥികളുടെ എണ്ണം കൃത്രിമമായി പെരുപ്പിച്ചു കാണിച്ച് തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. കണ്ണൂർ ജില്ലയിലെ 16 എയ്ഡഡ് സ്കൂളുകളിലാണ് വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേട് തെളിഞ്ഞത്. സംഭവത്തിൽ ഹെഡ്മാസ്റ്റർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ വിജിലൻസ് സർക്കാറിൻ്റെ അനുമതി തേടി.
ക്ലാസ് ടീച്ചർമാർ, പ്രധാനാധ്യാപകർ എന്നിവർക്ക് പുറമെ ഒത്താശ ചെയ്ത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും കേസിൽ പ്രതികളാകും. സ്കൂളുകളിലെ അഡ്മിഷൻ രജിസ്റ്ററിലും ഉച്ചഭക്ഷണ രജിസ്റ്ററിലും വൻതോതിൽ വ്യാജരേഖ ചമച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ പേരുകൾ പോലും വ്യാജമായി എയ്ഡഡ് സ്കൂൾ രജിസ്റ്ററുകളിൽ തിരുകിക്കയറ്റി. സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ കൈപ്പറ്റിയ ഇനത്തിൽ സർക്കാറിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
