ആർപ്പോ… ഇർറോ… അമരത്ത് ‘അരോമ’: നെഹ്റു ട്രോഫിയിലെ പുത്തൻ താരോദയം, കപ്പടിച്ച് പുതിയ വള്ളവും പുതിയ ടീമും

ആലപ്പുഴ: വള്ളംകളി പ്രേമികളുടെ നെഞ്ചകം തൊട്ട ‘ആർപ്പോ… ഇർറോ…’ വിളിമന്ത്രങ്ങൾക്കിടെ പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ പുതിയ ചരിത്രമെഴുതി അരോമ ചുണ്ടൻ 72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ കന്നി കിരീടത്തിൽ മുത്തമിട്ടു. ആവേശം അണപൊട്ടിയ കലാശപ്പോരാട്ടത്തിൽ 4 മിനിറ്റും 23 സെക്കൻഡും കൊണ്ട് ഫിനിഷ് ചെയ്താണ് അരോമ പുതിയ ജലരാജാവായി മാറിയത്; ശക്തമായ പോരാട്ടം കാഴ്ചവെച്ച നടുഭാഗം ചുണ്ടൻ രണ്ടാമതെത്തി. ആറ് ഹീറ്റ്സുകൾ പൂർത്തിയാക്കിയ ശേഷമാണ് ജലമേള ഫൈനൽ മത്സരങ്ങളിലേക്ക് കടന്നത്. ഒന്നാം ഹീറ്റ്സിൽ വീയപുരം ചുണ്ടൻ (4.20 മിനിറ്റ്), രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം, മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം (4.17 മിനിറ്റ്), നാലാം ഹീറ്റ്സിൽ അരോമ (4.27 മിനിറ്റ്), അഞ്ചാം ഹീറ്റ്സിൽ നിരണം (4.28 മിനിറ്റ്), ആറാം ഹീറ്റ്സിൽ ആനാരി എന്നിവരാണ് യഥാക്രമം ഒന്നാമതെത്തിയത്. ഉച്ചയോടെ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്യുകയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കൈടുക്കുകയും ചെയ്തു.
