മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ രവി തേജ ചിത്രം ‘ഇരുമുടി’; വിറ്റുപോയത് 1 മില്യൺ ടിക്കറ്റുകൾ

ഹൈദരാബാദ്: മാസുകളുടെ കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിലെത്തിയ മാസ് മഹാരാജ രവി തേജ ചിത്രം ‘ഇരുമുടി’ക്ക് മികച്ച പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ചിത്രം ടിക്കറ്റ് ബുക്കിങ്ങിലും റെക്കോർഡ് മുന്നേറ്റമാണ് നടത്തുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ ഇതുവരെ ഒരു മില്യണിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്.
രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമായ ‘ഇരുമുടി’ സംവിധാനം ചെയ്തിരിക്കുന്നത് ശിവ നിർവാണയാണ്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യവും ശക്തമായ വൈകാരിക പശ്ചാത്തലവുമുള്ള പ്രമേയമാണ് ചിത്രത്തിന്റേത്.
മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, പരമ്പരാഗത അയ്യപ്പസ്വാമി വേഷത്തിലാണ് രവി തേജ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരച്ഛനും മകളും തമ്മിലുള്ള തീവ്രമായ വൈകാരിക ബന്ധം പ്രമേയമാകുന്ന ചിത്രത്തിൽ പീലിംഗ് നൽകുന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്. പ്രിയാ ഭവാനി ശങ്കർ നായികയാകുന്ന ചിത്രത്തിൽ ബേബി നക്ഷത്രയാണ് മകളായി വേഷമിടുന്നത്.
സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ജി.വി. പ്രകാശ് കുമാർ സംഗീതവും വിഷ്ണു ശർമ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്: പ്രവീൺ പുഡി.
