അബ്ദുള്‍സലാം വധശ്രമക്കേസ് : ഗീതാനന്ദന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങ സമരത്തിനിടെ നടന്ന അബ്ദുൽ സലാം വധശ്രമക്കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ അടക്കം നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കടുത്ത ഉപാധികളോടെ നാലുപേർക്കും ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി വിധിയിൽ ഗുരുതര പിഴവുകളുണ്ടെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതിയുടെ നടപടി.
കേസിലെ മറ്റു പ്രതികളായ ബിനു, രമേശൻ, അനിൽകുമാർ എന്നിവർക്കാണ് ഗീതാനന്ദന് പുറമെ ജാമ്യം ലഭിച്ചത്. അഞ്ചു വർഷത്തെ കഠിനതടവിന് കൽപറ്റ സെഷൻസ് കോടതി വിധിച്ച ശിക്ഷാവിധിയാണ് നിലവിൽ മരവിപ്പിച്ചിരിക്കുന്നത്. 46,000 രൂപ വീതം പിഴ തുകയും ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ആൾജാമ്യവും ഹാജരാക്കണമെന്ന ഉപാധിയിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ ഗീതാനന്ദൻ അടക്കം 57 പ്രതികളെയും നേരത്തേ കോടതി വെറുതെവിട്ടിരുന്നു. എന്നാൽ, അബ്ദുൽ സലാം വധശ്രമക്കേസിൽ വിചാരണക്കോടതി ഗീതാനന്ദൻ അടക്കമുള്ളവരെ കുറ്റക്കാരായി കണ്ടെത്തുകയായിരുന്നു. വിചാരണക്കോടതിയുടെ ഈ വിധി ചോദ്യം ചെയ്ത് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിലവിലെ ഉത്തരവ്.
