ലേക്കർ ഇന്ത്യ ഷെൽ കമ്പനിയെന്ന് സംശയം; നൽകിയ വിലാസത്തിൽ ഓഫീസില്ലെന്ന് കണ്ടെത്തൽ.

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, വീണ ടി.ക്ക് പങ്കാളിത്തമുള്ള ‘ലേക്കർ ഇന്ത്യ’ ഷെൽ കമ്പനിയാണെന്ന സംശയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കമ്പനിയുടെ നടത്തിപ്പിൽ വലിയ തോതിലുള്ള ദുരൂഹതകൾ കണ്ടെത്തിയതിനെത്തുടർന്ന് ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ അക്കൗണ്ടിലുള്ള 15.57 ലക്ഷം രൂപ ഇ.ഡി മരവിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകൾക്ക് പിന്നാലെ വീണയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തേക്കും.
മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനം എന്ന പേരിലാണ് 2023-ൽ ലേക്കർ ഇന്ത്യ രജിസ്റ്റർ ചെയ്തത്. എന്നാൽ രേഖകളിൽ നൽകിയിട്ടുള്ള വിലാസത്തിൽ ഇ.ഡി പരിശോധന നടത്തിയെങ്കിലും അവിടെ ഇങ്ങനെയൊരു ഓഫീസ് പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. മാത്രമല്ല, കമ്പനി വഴി ഏതെങ്കിലും തരത്തിലുള്ള വിൽപനയോ ഇടപാടുകളോ നടന്നതായും വ്യക്തമല്ല.
വീണ ടി.ക്ക് പുറമെ കോഴിക്കോട് സ്വദേശിയായ നിയാസും കമ്പനിയുടെ പങ്കാളിയാണ്. ഇവരിരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എക്സാലോജിക്കിന് ലഭിച്ച 2.78 കോടി രൂപ എവിടെയെല്ലാം വിനിയോഗിച്ചു എന്നതിനെക്കുറിച്ച് നടത്തിയ പരിശോധനയിലാണ് ലേക്കർ ഇന്ത്യയിലേക്ക് പണമെത്തിയതായി ഇ.ഡി സംശയിക്കുന്നത്. നേരത്തെ നൽകിയ മൊഴികളിൽ ഈ കമ്പനിയെക്കുറിച്ച് വിവരങ്ങളൊന്നും നൽകിയിരുന്നില്ലെങ്കിലും, പിന്നീട് നടത്തിയ റെയ്ഡിലാണ് ഇതുസംബന്ധിച്ച രേഖകളും വീണയുടെ ഡയറിക്കുറിപ്പുകളും ലഭിച്ചത്. വീണ ടി., പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഇ.ഡി പരിശോധന.
