നിവിൽ പോളിയുടെ ‘ബത്ലഹേം കുടുംബ യൂണിറ്റ്’ പുതിയ പോസ്റ്റർ

കൊച്ചി: ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബത്ലഹേം കുടുംബ യൂണിറ്റി’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ രണ്ടുപേരുമാണ് പ്രധാന ആകർഷണം. ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് പി.എച്ച്.എഫ്. കരസ്ഥമാക്കി. ഓണത്തിന് ഒരാഴ്ച മുൻപായി ഓഗസ്റ്റ് 21-നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ വൻ വിജയങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് കോമഡി ചിത്രം തിയറ്ററുകളിൽ ചിരിമേളം തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ നിർമ്മാണ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി കൈകോർക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണിത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്യാം മോഹൻ, ശ്രിന്ദ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ സാബുവും സംഗീതം വിഷ്ണു വിജയും എഡിറ്റിങ് ആകാശ് ജോസഫ് വർഗ്ഗീസും നിർവ്വഹിക്കുന്നു. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
