ഇന്ത്യയിൽ പ്രീമിയർ ലീഗിന് വൻ സ്വീകാര്യത; ജിയോസ്റ്റാറിൽ 900 കോടി മിനിറ്റ് കാഴ്ച സമയം

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ (ഇ.പി.എൽ) ജനപ്രീതി കുതിച്ചുയരുന്നു. 2025-26 സീസണിൽ മാത്രം രാജ്യത്ത് ഇ.പി.എല്ലിന്റെ കാഴ്ച സമയം 904 കോടി മിനിറ്റ് (9.04 ബില്യൺ മിനിറ്റ്) പിന്നിട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ജിയോസ്റ്റാർ നെറ്റ്വർക്കുമായി സഹകരിച്ച് പ്രമുഖ ഗവേഷണ സ്ഥാപനമായ നീൽസൺ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ (ബാർക്ക്) ഡാറ്റയും നീൽസണിന്റെ ഉപഭോക്തൃ ഗവേഷണവും അടിസ്ഥാനമാക്കി തയ്യാറാക്കിയ ‘ദി ബ്യൂട്ടിഫുൾ ഗെയിംസ് ഇന്ത്യൻ ഡെക്കേഡ്’ എന്ന റിപ്പോർട്ടിലാണ് ഇന്ത്യൻ ആരാധകരുടെ കാഴ്ചാശീലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വിശദീകരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുമായി പ്രീമിയർ ലീഗിന്റെ റേറ്റിംഗിൽ 2.4 മടങ്ങിന്റെ വർധനവുണ്ടായി. നിലവിൽ ഇന്ത്യയിൽ മാത്രം 14.45 കോടിയോളം പ്രീമിയർ ലീഗ് ആരാധകരുണ്ടെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.
വലിയ മെട്രോ നഗരങ്ങൾക്ക് പുറമെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും ഇ.പി.എൽ തരംഗം ശക്തമാണ്. അഞ്ച് വർഷം മുമ്പ് രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കാഴ്ചക്കാരുടെ വിഹിതം 12 ശതമാനമായിരുന്നുവെങ്കിൽ നിലവിൽ ഇത് 25 ശതമാനമായി ഉയർന്നു. ചെറിയ നഗരങ്ങളിൽ നിന്നുള്ള ഡിജിറ്റൽ കാഴ്ചക്കാരുടെ എണ്ണത്തിലും വൻ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
