അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി, ലഭിച്ചത് അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്ത് നിന്നും, ഫോൺ കണ്ടെത്തിയത് ഷൂറാക്കിൽ നിന്നും

കണ്ണൂർ: പൊലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ ഉപയോഗിച്ച അർജുൻ ആയങ്കിയുടെ ഐഫോൺ പൊലീസ് കണ്ടെത്തി. ഒളിവിലായിരുന്ന അർജുനെ കസ്റ്റഡിയിലെടുത്ത അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂ റാക്കിൽ നിന്നാണ് സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ഫോൺ കണ്ടെടുത്തത്.
ചോദ്യം ചെയ്യലിനിടെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സൈബർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പുലർച്ചെ അതീവ രഹസ്യമായി നടത്തിയ തെളിവെടുപ്പിലാണ് ഫോൺ പിടിച്ചെടുത്തത്. കേസിലെ നിർണായക തെളിവായ ഈ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ആഭ്യന്തരമന്ത്രിയെയും പൊലീസ് ഉദ്യോഗസ്ഥരെയും അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് താൻ തന്നെയാണെന്ന് അർജുൻ സമ്മതിച്ചിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലെയും സുഹൃത്തുക്കളുടെ ഫോണുകളിലെയും വൈഫൈ കണക്ഷൻ ഉപയോഗിച്ചാണ് ഐഫോണിലൂടെ എഫ്.ബി അക്കൗണ്ട് പ്രവർത്തിപ്പിച്ചതെന്നും അക്കൗണ്ട് മറ്റാരും കൈകാര്യം ചെയ്തിട്ടില്ലെന്നും പ്രതി മൊഴി നൽകി.
അതേസമയം, അർജുൻ ആയങ്കിക്കെതിരെ ‘കാപ്പ’ (KAAPA) ചുമത്താനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കി. കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം എസ്.എച്ച്.ഒ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. കമ്മീഷണർ ഇത് ഉടൻ ജില്ലാ കളക്ടർക്ക് സമർപ്പിക്കും.
