വിസ്മയിപ്പിച്ച് വിസ്മയ മോഹൻലാലിന്റെ തുടക്കം, കളക്ഷൻ കണക്കുകള് പുറത്ത്

കൊച്ചി: ബിഗ് സ്ക്രീനിലെ കന്നി അരങ്ങേറ്റത്തിൽ തന്നെ പ്രേക്ഷകശ്രദ്ധ നേടി വിസ്മയ മോഹൻലാൽ. വിസ്മയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘തുടക്കം’ തിയറ്ററുകളിൽ വൻ ജനപ്രീതി നേടുന്നതിനൊപ്പം ബോക്സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ചിത്രം ആഗോളതലത്തിൽ ഇതുവരെ 26.82 കോടി രൂപ കളക്ഷൻ നേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
‘2018’ എന്ന വ്യാവസായിക വിജയത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് ‘തുടക്കം’ തിയറ്ററുകളിലെത്തിയത്. യു/എ 16 പ്ലസ് സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 19 മിനിറ്റുമാണ്. ആദ്യ ദിനം മുതൽ ലഭിച്ച മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പിന് കരുത്തായത്.
ഒരു കൊച്ചു കുടുംബ ചിത്രമാണിതെന്നായിരുന്നു ലോഞ്ചിങ് വേളയിൽ സംവിധായകൻ പറഞ്ഞിരുന്നതെങ്കിലും അതിനുമപ്പുറമുള്ള തിയറ്റർ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബർ 30-ന് കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് നിർവഹിച്ചത്. തുടർന്ന് നവംബർ 17-ന് കുട്ടിക്കാനത്താണ് ചിത്രീകരണത്തിന് തുടക്കമായത്.
ഡോ. എമിൽ ആന്റണി, ഡോ. അനീഷ ആന്റണി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ്.
സന്തോഷ് രാമൻ (പ്രൊഡക്ഷൻ ഡിസൈൻ), ജിതേഷ് പൊയ്യ (മേക്കപ്പ്), അരുൺ മനോഹർ (കോസ്റ്റ്യൂം), സൈലക്സ് ഏബ്രഹാം (ചീഫ് അസോസിയേറ്റ് ഡയറക്ടർ), ബിജു തോമസ് (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.
