ശബരിമല റഫറൻസ് കേസ്: സുപ്രീംകോടതി വിധി ഒക്ടോബറിൽ; 9 അംഗ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിക്കും

ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ രാജ്യം ഉറ്റുനോക്കുന്ന ശബരിമല റഫറൻസ് കേസിൽ സുപ്രീംകോടതി ഒക്ടോബറിൽ വിധി പറഞ്ഞേക്കും. ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം കേട്ട കേസിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക. ബോധ്ഗയ ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് വിധി ഒക്ടോബറിൽ ഉണ്ടായേക്കുമെന്ന വിവരവും സൂചനയും ചീഫ് ജസ്റ്റിസ് നൽകിയത്.
ബോധ്ഗയ കേസിലെ പ്രധാന നിയമപ്രശ്നങ്ങൾക്ക് ശബരിമല റഫറൻസ് കേസിൽ ഉയർന്ന ഭരണഘടനാ ചോദ്യങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് വാദത്തിനിടെ മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടി. ശബരിമല കേസിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നതിന് ശേഷം മാത്രമേ ബോധ്ഗയ കേസിൽ തുടർനടപടികളിലേക്ക് കടക്കാൻ സാധിക്കൂ എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് വിധിപ്രസ്താവം ഒക്ടോബറിലുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
മെയ് 14-നാണ് ശബരിമല കേസിലെ ദീർഘമായ വാദം പൂർത്തിയാക്കി കേസ് വിധി പറയാനായി മാറ്റിവെച്ചത്. ആകെ 16 ദിവസങ്ങളിലായി ഒൻപതംഗ ഭരണഘടനാ ബെഞ്ച് കേസിൽ വിപുലമായ വാദം കേട്ടിരുന്നു.
മതപരമായ ആചാരങ്ങളിലും വിശ്വാസങ്ങളിലും കോടതികൾക്ക് എത്രത്തോളം ഇടപെടാനാകുമെന്ന ചോദ്യമാണ് പ്രധാനമായും ബെഞ്ചിന് മുന്നിലുള്ളത്. വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശമാണോ അതോ മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണോ മുൻഗണന അർഹിക്കുന്നത്, മതപരമായ ആചാരങ്ങൾ വിലയിരുത്തുന്നതിൽ കോടതികളുടെ ഇടപെടലിന്റെ പരിധികൾ എന്തൊക്കെയാണ് തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഈ വിധിയിലൂടെ വ്യക്തത കൈവരുമെന്നാണ് കരുതപ്പെടുന്നത്.
