മമ്മൂട്ടി കമ്പനിയുടെ 9-ാം ചിത്രം; നിതീഷ് സഹദേവ് പടത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. കാരൈക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ജൂലൈ 28-നാണ് ചിത്രീകരണത്തിന് തുടക്കമായത്. ലൊക്കേഷനിൽ നിന്നുള്ള വീഡിയോ മമ്മൂട്ടി കമ്പനി പുറത്തുവിട്ടു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം ചിത്രമാണിത്.
നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന് തിരിക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ജൂലൈ 9-നായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ എട്ട് വിജയചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പ്രൊജക്റ്റ് എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഈ ചിത്രത്തെ നോക്കിക്കാണുന്നത്.
‘ഫാലിമി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവ്, തമിഴിൽ ‘തലൈവർ തമ്പി തലൈമയിൽ’ എന്ന ഹിറ്റ് ചിത്രവും സംവിധാനം ചെയ്തിരുന്നു. നിതീഷ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതും പ്രേക്ഷകരിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ഒരു ലോക്കൽ ഗ്യാങ്സ്റ്ററിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. കഥ കേട്ട ഉടൻ തന്നെ മമ്മൂട്ടിക്ക് ഇഷ്ടപ്പെടുകയും സമ്മതം അറിയിക്കുകയുമായിരുന്നുവെന്ന് നിതീഷ് സഹദേവ് മാധ്യമങ്ങളോട് പറഞ്ഞു. പൂർണ്ണമായും ആക്ഷൻ എന്റർടെയ്നർ ഴോണറിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ചിത്രത്തിന്റെ വാർത്താ പ്രചരണം നിർവ്വഹിക്കുന്നത്.
