മധുരമീ ജീവിതത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

കൊച്ചി: ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന ‘മധുരമീ ജീവിതം’ എന്ന പുതിയ ചിത്രത്തിന് സെൻസർ ബോർഡിന്റെ ‘ക്ലീൻ യു’ സർട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തും. പ്രമുഖ നടൻ സിദ്ദീഖിന്റെ കരിയറിലെ 351-ാമത് ചിത്രമാണിത്. റിട്ടയേർഡ് ബാങ്ക് മാനേജരായ ചന്തുമേനോൻ എന്ന പ്രധാന കഥാപാത്രത്തെയാണ് സിദ്ദീഖ് അവതരിപ്പിക്കുന്നത്. അധ്യാപികയായ മാധവിയായി വിനയാ പ്രസാദും വേഷമിടുന്നു.
ജീവിതത്തിന്റെ സായംസന്ധ്യയിലെ ഒറ്റപ്പെടലും കുടുംബബന്ധങ്ങളുടെ ആർദ്രതയും പ്രമേയമാക്കുന്ന ഫാമിലി-റൊമാന്റിക് ഡ്രാമയാണ് ചിത്രം. ശ്രീലാൽ പ്രകാശൻ രചനയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഡോ. ശ്രീകുമാർ ജെ, ശ്രീശൻ പ്രകാശൻ എന്നിവരാണ്. ജോണി ആന്റണി, റോയ് സെബാസ്റ്റ്യൻ, പൂജിത മേനോൻ, ദിനേഷ് പണിക്കർ, അൻസൽ പള്ളുരുത്തി, മറീന മൈക്കിൾ, ഗായത്രി സുരേഷ്, ദിൽഷ പ്രസന്നൻ, ഡേവിഡ്, വിവേക് ശ്രീ, ജനിക എസ് ലാൽ, ദുർഗ്ഗ എന്നിവരും അണിനിരക്കുന്നു.
അനന്തരാമൻ അനിൽ സംഗീത സംവിധാനവും പ്രശാന്തി ചൊവ്വര ഗാനരചനയും നിർവ്വഹിച്ച ചിത്രത്തിൽ സൂര്യ ശ്യാം ഗോപാലാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കൃഷ്ണൻ പി.എസ് (ഛായാഗ്രഹണം), കപിൽ കൃഷ്ണ (എഡിറ്റിംഗ്), ആന്റണി ഏലൂർ (പ്രൊഡക്ഷൻ കൺട്രോളർ), ശ്രീകുമാർ എം.എൻ (കല), പട്ടണം ഷാ (മേക്കപ്പ്), നയന ശ്രീകാന്ത് (കോസ്റ്റ്യൂം) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കെ.ജി.എഫ് ഫുൾ സ്ക്രീൻ സിനിമാസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. പി.ആർ.ഒ: എം.കെ ഷെജിൻ.
