‘വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

ചെന്നൈ: സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ തമിഴ്നാട്ടിലെ അഡ്വാൻസ് ബുക്കിങ് ഇന്ന് വൈകീട്ട് ആറ് മണിയോടെ ആരംഭിക്കും. സെൻസർ ബോർഡിന്റെ ‘യു/എ’ (U/A) സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്കറി’നു ശേഷം വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സൂര്യയുടെ കരിയറിലെ 46-ാമത് ചിത്രമാണിത്.
രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമ്പൂർണ ഫാമിലി എന്റെർറ്റൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങിയ ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
കേരളത്തിൽ ന്യൂ സൂര്യ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. സിതാര എന്റർടെയ്ൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.
നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനവും നവീൻ നൂലി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ഫൈറ്റ് മാസ്റ്റർ: വി. വെങ്കട്ട്, നൃത്തസംവിധാനം: ശേഖർ വിജെ, വിജയ് ബിന്നി, പി.ആർ.ഒ: ശബരി.
