പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: പരീക്ഷ രേഖകൾ നൽകണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക്, സ്റ്റേ ഒരു മാസത്തേക്ക്

കൊച്ചി: സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക്. ഉത്തരവ് ഒരു മാസത്തേക്കാണ് കോടതി സ്റ്റേ ചെയ്തത്. കമ്മീഷൻ ഉത്തരവിനെതിരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) നൽകിയ റിട്ട് ഹർജിയിലാണ് നടപടി. കേസിൽ പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി ശ്യാം കൃഷ്ണന് ഹൈക്കോടതി നോട്ടീസ് അയച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായിട്ടില്ലെന്നും ഇൻ്റർവ്യൂ ഉൾപ്പെടെയുള്ള ഘട്ടങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് രേഖകൾ നൽകുന്നത് പരീക്ഷയുടെ രഹസ്യസ്വഭാവത്തെയും സുതാര്യതയെയും ബാധിക്കുമെന്നും പി.എസ്.സി കോടതിയെ അറിയിച്ചു. സെലക്ഷൻ നടപടികൾ പൂർത്തിയായ ശേഷം രേഖകൾ നൽകാമെന്ന പി.എസ്.സിയുടെ വാദം അംഗീകരിച്ചാണ് വിവരാവകാശ കമ്മീഷൻ ഉത്തരവിന് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.
പരാതിക്കാരന്റെ അപേക്ഷയിന്മേൽ ഉത്തരക്കടലാസിന്റെ പകർപ്പും ഇന്റർവ്യൂ മാർക്ക് ലിസ്റ്റും അടക്കമുള്ള മുഴുവൻ രേഖകളും ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർദ്ദേശം നടപ്പാക്കാൻ പി.എസ്.സി തയ്യാറാകാത്തതിനെതിരെ കമ്മീഷൻ കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിലെ സാങ്കേതിക പിഴവുകൾ തിരുത്തി സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് തിരുത്തലുകളോടെ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
