വീടിന്റെ ഭംഗിയും പോസിറ്റീവ് എനർജിയും ഇല്ലാതാക്കുന്ന 5 കാര്യങ്ങൾ; ഇന്റീരിയർ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഫ്ലോറൽ പാറ്റേണുകൾ, ലൈറ്റ് കളർ തീമുകൾ, ലളിതമായ ഫർണിച്ചർ ക്രമീകരണങ്ങൾ… ഇന്റീരിയർ ഒരുക്കുമ്പോൾ ഇത്തരം ട്രെൻഡുകളോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ആഗ്രഹിച്ച രീതിയിൽ വീട് അലങ്കരിക്കുമ്പോൾ വരുത്തുന്ന ചില ചെറിയ തെറ്റുകൾ മുറിയുടെ മുഴുവൻ ലുക്കും നശിപ്പിക്കുകയും പോസിറ്റീവ് എനർജി ഇല്ലാതാക്കുകയും ചെയ്യും.
ഇന്റീരിയർ ഒരുക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 5 പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
1. ഒരൊറ്റ സീലിംഗ് ലൈറ്റിനെ മാത്രം ആശ്രയിക്കുന്നത്
അടുക്കളയിലോ വർക്ക് സ്പേസുകളിലോ ആവശ്യത്തിന് വെളിച്ചം ലഭിക്കാൻ സീലിംഗ് ലൈറ്റുകൾ നല്ലതാണ്. എന്നാൽ ലിവിംഗ് റൂമിലും ബെഡ്റൂമിലും വലിയൊരു സീലിംഗ് ലൈറ്റ് മാത്രം നൽകുന്നത് ആശുപത്രികളിലെ വെയിറ്റിംഗ് റൂമിന് സമാനമായ വിരസമായ അന്തരീക്ഷം സൃഷ്ടിക്കും. ഒരൊറ്റ വലിയ ലൈറ്റിന് പകരം ഒന്നിലധികം ലെയർഡ് ലൈറ്റുകൾ (Warm lighting, lamps) ഉപയോഗിക്കുന്നത് മുറിക്ക് ശാന്തവും പ്രസന്നവുമായ ലുക്ക് നൽകും.
2. വീട്ടുസാധനങ്ങൾ കുന്നുകൂടുന്നത്
മേശപ്പുറത്ത് ചിതറിക്കിടക്കുന്ന കത്തുകൾ, അനാവശ്യമായി വാങ്ങിക്കൂട്ടിയ അലങ്കാരവസ്തുക്കൾ എന്നിവ വീടിന്റെ ഭംഗി പൂർണ്ണമായും കെടുത്തും. ദിവസേന ഉപയോഗിക്കുന്ന സാധനങ്ങൾ കൃത്യമായി എടുത്തുവെക്കാൻ പാകത്തിന് മികച്ച സ്റ്റോറേജ് സൗകര്യങ്ങൾ (Smart storage) ഒരുക്കുന്നത് വീട് കൂടുതൽ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും.
3. ചുവരുകൾ ഒഴിഞ്ഞുകിടക്കുന്നത്
മുറിയുടെ ചുവരുകൾ ഒന്നും നൽകാതെ പൂർണ്ണമായും ഒഴിഞ്ഞിട്ടിരിക്കുന്നത് വിരസത ഉണ്ടാക്കും. മനസ്സിന് സന്തോഷവും പ്രസരിപ്പും നൽകുന്ന ചിത്രങ്ങളോ ആർട്ട് വർക്കുകളോ ചുവരുകളിൽ തൂക്കാം. ചെറിയ ആർട്ട് പീസുകൾ വെച്ച് വാൾ ഡെക്കറേഷൻ ആരംഭിക്കാവുന്നതാണ്.
4. കാണുന്ന പ്രതലങ്ങളിലെല്ലാം ഡെക്കറേഷൻ വസ്തുക്കൾ നിറയ്ക്കുന്നത്
മേശപ്പുറത്തും ഷെൽഫുകളിലുമെല്ലാം കണ്ണിൽ കാണുന്ന അലങ്കാര വസ്തുക്കൾ വാങ്ങി നിറയ്ക്കുന്ന ശീലം ഒഴിവാക്കണം. എല്ലാ ചുവരുകളിലും ടേബിളുകളിലും വസ്തുക്കൾ നിറയുമ്പോൾ കാഴ്ചയിൽ അസ്വസ്ഥത അനുഭവപ്പെടും. കണ്ണിന് ആശ്വാസം നൽകുന്ന ഒഴിഞ്ഞ ഇടങ്ങളും (Negative space) ഇന്റീരിയറിൽ അത്യന്താപേക്ഷിതമാണ്.
5. റൂമിന്റെ അളവുകൾ നോക്കാതെ ഫർണിച്ചർ വാങ്ങുന്നത്
മുറിയുടെ മുൻവാതിലിലൂടെ അകത്തുകയറും എന്നതുകൊണ്ട് മാത്രം ഒരു ഫർണിച്ചർ ആ മുറിക്ക് അനുയോജ്യമാകണമെന്നില്ല. റൂമിന്റെ വലുപ്പത്തിന് ചേരാത്ത വലിയ ഫർണിച്ചറുകൾ മുറിയുടെ വിസ്താരം കുറയ്ക്കുകയും വഴിനടക്കാൻ പോലും തടസ്സമുണ്ടാക്കുകയും ചെയ്യും. അതിനാൽ ഏതൊരു ഫർണിച്ചർ വാങ്ങുന്നതിന് മുൻപും മുറിയുടെ കൃത്യമായ അളവുകൾ എടുക്കാൻ ശ്രദ്ധിക്കുക.
