കീവിൽ ഉഗ്രസ്ഫോടനങ്ങൾ; റഷ്യൻ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരുക്ക്

കീവ്: ഉക്രെയ്ൻ നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന മിസൈലാക്രമണം അതിശക്തമായി തുടരുന്നു. സപോറീഷ്യയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. റഷ്യൻ ആക്രമണത്തിന് പിന്നാലെ തലസ്ഥാനമായ കീവിൽ തുടർച്ചയായ ഉഗ്രസ്ഫോടനങ്ങൾ മുഴങ്ങി. നഗരത്തിന് നേരെ നടന്നത് ബാലിസ്റ്റിക് മിസൈൽ ആക്രമണമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
സപോറീഷ്യയിലെ വ്യവസായ സ്ഥാപനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയുമാണ് റഷ്യൻ സൈന്യം പ്രധാനമായും ലക്ഷ്യമിട്ടതെന്ന് സപോറീഷ്യ റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷൻ തലവൻ ഇവാൻ ഫെഡോറോവ് അറിയിച്ചു. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അർധരാത്രിക്ക് ശേഷം കീവിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയും തൊട്ടുപിന്നാലെ വലിയ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ എ.എഫ്.പി (AFP) റിപ്പോർട്ട് ചെയ്തു. തലസ്ഥാനം കടുത്ത ബാലിസ്റ്റിക് മിസൈൽ ഭീഷണിയിലാണെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചാഴ്ചകളായി ഉക്രേനിയൻ നഗരങ്ങൾക്ക് നേരെ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യു.എസ് നിർമിത പേട്രിയറ്റ് (Patriot) ഉൾപ്പെടെയുള്ള അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് മാത്രം തടയാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ നിലവിൽ ഉപയോഗിക്കുന്നത്.
റഷ്യ കൂടുതൽ വടക്കൻ കൊറിയൻ സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുകയാണെന്നും പുതിയ ബാലിസ്റ്റിക് മിസൈലുകൾ കൈപ്പറ്റിയിട്ടുണ്ടെന്നും ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നേരത്തെ ആരോപിച്ചിരുന്നു. വടക്കൻ കൊറിയൻ പിന്തുണയോടെ റഷ്യ യുദ്ധസന്നാഹങ്ങൾ വർധിപ്പിക്കുന്നത് മേഖലയിൽ കൂടുതൽ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
