‘നിനക്ക് എത്ര വയസ്സായെങ്കിലും, നീ എപ്പോഴും എന്റെ ചെറിയ പെണ്‍കുട്ടിയായിരിക്കും’; മകൾക്ക് ജന്മദിനാശംസകളുമായി സഞ്ജയ് ദത്ത്

മകൾ ത്രിഷാല ദത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. പ്രായം എത്രയൊക്കെ ആയാലും മകൾ എപ്പോഴും തന്റെ കൊച്ചുപെൺകുട്ടിയായിരിക്കുമെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മകൾക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
“നിനക്ക് എത്ര വയസ്സായാലും നീ എപ്പോഴും എന്റെ കുഞ്ഞുപെൺകുട്ടി തന്നെയായിരിക്കും. പിറന്നാൾ ആശംസകൾ, ഒരുപാട് സ്നേഹം” -സഞ്ജയ് ദത്ത് കുറിച്ചു. പോസ്റ്റിന് താഴെ നിരവധി ആരാധകരും സിനിമാ രംഗത്തെ പ്രമുഖരും ത്രിഷാലക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.
സഞ്ജയ് ദത്തിന്റെയും ആദ്യഭാര്യ റിച്ച ശർമയുടെയും മകളാണ് ത്രിഷാല. 1987ലായിരുന്നു സഞ്ജയ് ദത്തും റിച്ചയും തമ്മിലുള്ള വിവാഹം. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്ന റിച്ച 1996ലാണ് മരണപ്പെടുന്നത്. അമ്മയുടെ മാതാപിതാക്കൾക്കൊപ്പം യു.എസിലാണ് ത്രിഷാലയുടെ താമസം.
അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന ‘വെൽക്കം ടു ദി ജംഗിൾ’ എന്ന ചിത്രത്തിലാണ് സഞ്ജയ് ദത്ത് നിലവിൽ അഭിനയിക്കുന്നത്. അക്ഷയ് കുമാർ, അർഷദ് വാർസി, സുനിൽ ഷെട്ടി, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
