വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബുവിന്റെ കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

ഹൈദരാബാദ്: വിജയ് സേതുപതിയെ നായകനാക്കി പ്രമുഖ തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡി’ലെ തബുവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ ‘ഗൗരി ഹെഗ്ഡെ’ എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ തബു അവതരിപ്പിക്കുന്നത്.
കുറ്റവാളികളോട് ഒട്ടും ദാക്ഷിണ്യമില്ലാത്ത, ആജ്ഞാശക്തിയുള്ള ഉദ്യോഗസ്ഥയായാണ് തബു വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സംയുക്ത നായികയാകുന്ന ചിത്രത്തിൽ കന്നഡ താരം വിജയ് കുമാർ വില്ലൻ വേഷത്തിലെത്തുന്നു. സറീന വഹാബ്, ബ്രഹ്മാജി, വി.ടി.വി. ഗണേഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ചേരിപ്രദേശങ്ങളിലെ ജീവിത പശ്ചാത്തലത്തിൽ ആക്ഷനും മാസ് ചേരുവകളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അന്ധനായ കഥാപാത്രമടക്കം വ്യത്യസ്ത ഗെറ്റപ്പുകളിൽ വിജയ് സേതുപതിയെ അവതരിപ്പിച്ച ടീസർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ‘അർജുൻ റെഡ്ഡി’, ‘അനിമൽ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹർഷവർധൻ രാമേശ്വറാണ് സംഗീതം.
പുരി കണക്ട്സ്, ജെ.ബി. മോഷൻ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ പുരി ജഗന്നാഥ്, ചാർമി കൗർ, ജെ.ബി. നാരായൺ റാവു കോൺഡ്രോള്ള എന്നിവർ ചേർന്നാണ് നിർമാണം. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ സാം കെ. നായിഡുവാണ്. സന്തോഷ് നൂസില ചിത്രസംയോജനം (എഡിറ്റിങ്) നിർവ്വഹിക്കുമ്പോൾ, ചിത്രത്തിന്റെ പി.ആർ.ഒ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് ശബരിയാണ്.
