സീറ്റ് ബെൽറ്റ് ധരിക്കില്ലെന്ന് വാശി, സീറ്റിൽ എഴുന്നേറ്റുനിന്ന് കുട്ടി ; ഒടുവിൽ വിമാനം തന്നെ റദ്ദാക്കി, യാത്രക്കാർ കുടുങ്ങി

വിമാനയാത്രയ്ക്കിടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ യാത്രക്കാർ ദുരിതത്തിലായി. കാനഡയിൽ കുട്ടി സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാന സർവീസ് തന്നെ റദ്ദാക്കിയപ്പോൾ, ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് നെടുമ്പാശ്ശേരിയിൽ പിടിയിലായി.
സീറ്റ് ബെൽറ്റ് ഇടാൻ കുട്ടിയുടെ വിസമ്മതം; വിമാനം റദ്ദാക്കി
കാനഡയിലെ വിക്ടോറിയയിൽ നിന്ന് ടൊറന്റോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന പോർട്ടർ എയർലൈൻസിന്റെ PD444 വിമാനമാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്. വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുന്നതിനിടെ ഒരു കുട്ടി സീറ്റിൽ നിന്ന് എഴുന്നേറ്റു നിൽക്കുകയായിരുന്നു.
കുട്ടിയോട് സീറ്റിലിരുന്ന് ബെൽറ്റ് ധരിക്കാൻ ജീവനക്കാരും മാതാപിതാക്കളും ആവശ്യപ്പെട്ടെങ്കിലും കുട്ടി അതിന് തയ്യാറായില്ല. സുരക്ഷാ ഭീഷണിയുള്ളതിനാൽ വിമാനം ടേക്ക് ഓഫ് ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയ അധികൃതർ വിമാനം തിരികെ ടെർമിനലിലേക്ക് കൊണ്ടുപോവുകയും കുട്ടിയെയും കുടുംബത്തെയും പുറത്തിറക്കുകയും ചെയ്തു.
എന്നാൽ ഇവരുടെ ലഗേജുകൾ പുറത്തെടുക്കുന്നതിനും പുതിയ ഫ്ലൈറ്റ് പ്ലാൻ തയ്യാറാക്കുന്നതിനും ഏറെ സമയമെടുത്തു. ഇതിനിടെ സമയം അർധരാത്രി 12.30 കഴിഞ്ഞതോടെ വിക്ടോറിയ വിമാനത്താവളത്തിലെ റൺവേ അടച്ചു. ഇതോടെ വിമാന സർവീസ് റദ്ദാക്കുകയും യാത്രക്കാർക്ക് രാത്രി വിമാനത്താവളത്തിൽ കഴിയേണ്ടി വരികയും ചെയ്തു. അടുത്ത ദിവസമാണ് യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കിയത്.
കൊച്ചി വിമാനത്തിൽ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം
അതേസമയം, ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ബാറ്റിക് എയർ വിമാനത്തിൽ നടുക്കുന്ന സംഭവ അരങ്ങേറി. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ച പാലക്കാട് കൂറ്റനാട് സ്വദേശി ജംഷീർ അത്താണിക്കൽ (34) ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്.
വിമാനം താഴെയിറങ്ങുന്നതിനിടെ സീറ്റിൽ നിന്നെഴുന്നേറ്റ ഇയാൾ എമർജൻസി എക്സിറ്റ് ജനലിന്റെ ഭാഗത്ത് അടിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരെയും യാത്രക്കാരെയും ഇയാൾ ഭീഷണിപ്പെടുത്തി. അക്രമത്തിനിടെ എമർജൻസി എക്സിറ്റിന്റെ ഉൾവശത്തെ പാനലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തുടർന്ന് ക്യാബിൻ ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് സാഹസികമായി ഇയാളെ കീഴടക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി കൊച്ചിയിലിറക്കിയ ഉടൻ ഇയാളെ സെക്യൂരിറ്റി വിഭാഗത്തിനും പൊലീസിനും കൈമാറി. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
